വിമാനയാത്രക്ക് യുവാവിന് ലഭിച്ചത് ഛര്‍ദ്ദില്‍ ഉണങ്ങിപ്പിടിച്ച സീറ്റ്

arya antony June 6, 2019

ലണ്ടന്‍: വിമാനയാത്രക്ക് യുവാവിന് ലഭിച്ചത് ഛര്‍ദ്ദില്‍ ഉണങ്ങിപ്പിടിച്ച സീറ്റ്. ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ വച്ചാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. ഛര്‍ദ്ദില്‍ ഉണങ്ങി പറ്റിപ്പിടിച്ച സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്ന ഞെട്ടലിലാണ് ദേവ് ഗില്‍ഡ് എന്ന യാത്രികന്‍. ലണ്ടനില്‍ നിന്നും സിയാറ്റിലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദേവ് യാത്ര തുടങ്ങി രണ്ടുമണിക്കൂറിന് ശേഷമാണ് സീറ്റില്‍ ഉണങ്ങി പറ്റി പിടിച്ചിരിക്കുന്ന ഛര്‍ദ്ദില്‍ കണ്ടത്.

ഉറങ്ങാനായി കാലുവെക്കാനുള്ള ചെറിയ സ്റ്റൂള്‍ താഴ്ത്താന്‍ ശ്രമിക്കവേയായിരുന്നു ഛര്‍ദ്ദില്‍ ദേവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തറയിലും ഛര്‍ദ്ദിലുണ്ടായിരുന്നതായി ദേവ് പറയുന്നു. സീറ്റിനെക്കുറിച്ച് ക്യാബിന്‍ ക്രൂവിനോട് പറഞ്ഞെങ്കിലും അവര്‍ വീഴ്ച സമ്മതിക്കാനോ ക്ഷമ പറയാനോ തയ്യാറായില്ലെന്നും വിമാനം പുറപ്പെട്ട സമയത്ത് സീറ്റ് വൃത്തികേടായിരുന്നോ എന്ന മറു ചോദ്യമാണ് താന്‍ നേരിടേണ്ടി വന്നതെന്നും ദേവ് പറയുന്നു. 

മറ്റ് വഴിയില്ലെന്ന് മനസിലായതോടെ സീറ്റില്‍ ഇടാന്‍ ക്യാബിന്‍ ക്രൂവിനോട് ഒരു ബ്ലാങ്കറ്റ് ചോദിക്കേണ്ടി വന്നു ദേവിന്. ബ്ലാങ്കറ്റ് ഇട്ട ശേഷം കിടന്നുറങ്ങിയ താന്‍ എണീക്കുമ്പോള്‍ ഉണങ്ങിയ ഛര്‍ദ്ദില്‍ തന്‍റെ കാല്‍ക്കീഴില്‍ ഉണ്ടായിരുന്നെന്നും തന്നെ അത്രമാത്രം അത് അസ്വസ്ഥതപ്പെടുത്തിയെന്നും ദേവ് കുറിച്ചു.

Read more about:
EDITORS PICK