ദുബായ് വാഹനാപകടം: മരിച്ചത് 8 മലയാളികള്‍; എല്ലാവരെയും തിരിച്ചറിഞ്ഞു; മൃതദേഹം എത്തിക്കുന്നത് വൈകും

Sebastain June 7, 2019
bus

ദുബായില്‍ ബസപകടത്തില്‍ മരിച്ചത് എട്ട് മലയാളികള്‍. എട്ട് പേരെയും തിരിച്ചറിഞ്ഞു. തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ അരക്കാവീട്ടില്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍ വിഷ്ണു ദാസ് , കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍ , തൃശൂര്‍ സ്വദേശി കിരണ്‍ ജോണി , തലശേരി സ്വദേശികളായ ഉമ്മര്‍ , മകന്‍ നബീല്‍ ഉമ്മര്‍ , രാജന്‍ പുതിയ പുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.


ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറി 17
പേരാണ് മരിച്ചത്. മരിച്ചവരില്‍ എട്ട് മലയാളികളടക്കം 12 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒമാനില്‍നിന്നു ദുബായിലേക്കു വന്ന യാത്രാ ബസാണ് അപകടത്തില്‍പ്പെട്ടത്.


31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. ബസ് പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണു ബസിലുണ്ടായിരുന്നതില്‍ ഏറെയുമെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ദുബായില്‍ ബസ് അപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോര്‍ക്ക അധികൃതര്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് 8 മലയാളികള്‍ മരണപ്പെട്ടിട്ടുണ്ട്. ദുബായില്‍ രണ്ട് ദിവസം അവധിയായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. എങ്കിലും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നോര്‍ക്ക അധികൃതര്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK