ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്ന് ശ്രീശാന്ത്

Sruthi June 8, 2019

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ധോണി പാരാ സ്‌പെഷ്യല്‍ സൈനിക വിഭാഗത്തിന്റെ ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ശ്രീശാന്ത്. ധോണി ബലിദാന്‍ ബാഡ്ജ് ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്നാണ് ഐസിസിയുടെ ആവശ്യം. എന്നാല്‍, അതൊരിക്കലും ഇന്ത്യന്‍ ആരാധകര്‍ സമ്മതിക്കില്ലെന്ന് ശ്രീശാന്ത് പറയുന്നു.

ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ആ നടപടി ഉപേക്ഷിച്ച് ഐസിസി ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്നും ധോണിയെ കുറിച്ച് അഭിമാനമാണെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളതെന്നും അങ്ങനെയുള്ളപ്പോള്‍ ഐസിസി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു എന്നുമാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്. പാരാ റെജിമെന്റില്‍ ഹോണററി ലെഫ്റ്റണന്റ് കേണലാണ് ധോണി.

അദ്ദേഹത്തിന്റെ രാജ്യസ്നേഹം എല്ലാവര്‍ക്കും അറിയുന്നതാണെന്നും ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ തനിച്ച് വിജയിപ്പിച്ച താരമാണ് ധോണിയെന്നും ശ്രീശാന്ത് പറഞ്ഞു. ബലിദാന്‍ ബാഡ്ജ് ധരിച്ച് തന്നെ ധോണി ലോകകപ്പില്‍ കളിച്ച് കപ്പടിക്കണമെന്നും അദ്ദേഹം പറയുന്നു.

Read more about:
EDITORS PICK