രാമച്ചമിട്ട വെളളം അമൃതിന്‍ ഗുണം നല്‍കും;രാമച്ച കൃഷി എങ്ങനെ ?

Pavithra Janardhanan June 10, 2019

ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധ മായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

നിരവധി ഔഷധ ഗുണങ്ങള്‍ രാമച്ചത്തിനുണ്ട്. ചര്‍മ്മരോഗങ്ങള്‍ മാറുന്നതിന് രാമച്ചവേര് സമം മഞ്ഞളും ചേര്‍ത്ത് പുരട്ടുക. ശരീരത്തിന്റെ അധികമായ ദുര്‍ഗന്ധം, വിയര്‍പ്പ് എന്നിവയ്ക്ക് രാമച്ചം അരച്ച് പുരട്ടുക. രാമച്ച വേര് മണ്‍കുടത്തില്‍ ഇട്ട വെള്ളം കുടിച്ചാല്‍ ശരീരത്തിന് തണുപ്പ് ഉണ്ടാകുകയും ക്ഷീണം ഇല്ലാതാകുകയും ചെയ്യും. രാമച്ച വേര് പഞ്ചസാരയും താതിരിപ്പൂവും ശുദ്ധജലവും ചേര്‍ത്ത് കെട്ടിവെച്ച് വൈന്‍ ഉണ്ടാക്കി ദിവസവും കഴിക്കുന്നത് ശരീരത്തിനെ തണുപ്പിക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.

രാമച്ചം, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, ചുക്ക് എന്നിവ സമം ചേര്‍ത്ത് കഷായം വെച്ചു കുടിച്ചാല്‍ പനിമാറും. രാമച്ചവേര് പൊടിച്ചതും രക്തചന്ദനപൊടിയും സമമായി എടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരരോമകൂപങ്ങളില്‍ കൂടി രക്തം പോകുന്നത് തടയും. രാമച്ചത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന തൈലം ദേഹത്ത് പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.

രാമച്ച കൃഷി

രാമച്ചം ഒരു ദീർഘകാല വിളയാണ്. ഇത് ഏകദേശം രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു.ചരിവുപ്രദേശങ്ങളില്‍ മണ്ണൊലിപ്പു തടയുന്നതിനും രാമച്ചക്കൃഷി ഉപകരിക്കും.മണൽ കലർന്ന വളക്കൂറുള്ള മണ്ണിൽ രാമച്ചം സമൃദ്ധമായി വളരുന്നു. കളിമൺ പ്രദേശങ്ങൾ കൃഷിക്കു പറ്റിയതല്ല. നല്ല മഴയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങൾ കൃഷിക്കു തിരഞ്ഞെടുക്കണം. രാമച്ചം പ്രധാനമായും രണ്ടിനങ്ങളുണ്ട്.

തെക്കേ ഇന്ത്യനും വടക്കേ ഇന്ത്യനും. തെക്കേ ഇന്ത്യനാണ് നല്ല നിലവാരമുള്ള തൈലത്തിന് ഉത്തമം. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ചു ടൺ വരെ വേര് ലഭിക്കുന്നു. ഇതിൽനിന്നു ശരാശരി 25 കി.ഗ്രാം വരെ തൈലവും ലഭിക്കുന്നു. മണ്ണ് നല്ലതുപോലെ താഴ്ത്തിക്കിളച്ച് ഹെക്ടറിനു 15 ടൺ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് വാരം കോരി 45X30 സെ.മീറ്റർ അകലത്തിൽ ഒന്നോ രണ്ടോ ചിനപ്പുകൾ വീതം കാലവർഷാരംഭത്തോടെ നട്ടു കൃഷിയിറക്കാം.

ഇടവപ്പാതിക്കു നട്ട് തുലാവർഷം തുടങ്ങുന്നതോടെ ഒറ്റത്തവണയായി ഹെക്ടറിന് യൂറിയ 50 കി.ഗ്രാം, രാജ്ഫോസ് 110 കി.ഗ്രാം, പൊട്ടാഷുവളം 35 കി.ഗ്രാം എന്നിവ ചേർക്കണം. ന‍ട്ട് ഒന്നരവർഷം ആയാൽ വിളവെടുക്കാം. ഇതിനു പറ്റിയത് ഒക്ടോബർ–നവംബർ മാസങ്ങള്‍. മണ്ണിനു മേലുള്ള ഭാഗം ആദ്യം ചെത്തിനീക്കണം. പിന്നീടു വേരോടുകൂടി ചുവടുകിളച്ച് എടുക്കണം. ഇതു കഴുകി മണ്ണുമാറ്റി വെടിപ്പാക്കി വേണം സൂക്ഷിക്കാൻ. വിളവെടുത്താൽ ഒരു മാസം വരെ സൂക്ഷിക്കാമെങ്കിലും അതിനു മുൻപുതന്നെ തൈലം വാറ്റിയെടുക്കാം.

Tags:
Read more about:
EDITORS PICK