അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച്‌ പാകിസ്താൻ ടെലിവിഷൻ പരസ്യ ചിത്രം

Pavithra Janardhanan June 11, 2019

അഭിനന്ദന്‍ വര്‍ദ്ധമാനെയും ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുന്ന തരത്തിലുള്ള പരസ്യ ചിത്രം പുറത്തുവിട്ട് പാകിസ്താൻ ടെലിവിഷൻ. അഭിനന്ദന്‍ വര്‍ദ്ധമാന്റെ സാമ്യമുള്ള യുവാവിനെ വെച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ പരസ്യത്തിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാലത്തില്‍ ജാസ് ടിവി തയ്യാറാക്കിയ പരസ്യമാണ് വിവാദമായത്. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാകിസ്താന്‍ വിമാനങ്ങളെ പിന്തുടരുന്നതിനിടയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്താന്റെ പിടിയിലായത്.

മൂന്ന് ദിവസത്തോളമാണ് അദ്ദേഹത്തെ പാകിസ്താന്‍ തടവില്‍ വെച്ചത്.അതിനിടയിലുള്ള അഭിനന്ദന്‍ വര്‍ദ്ധമാന്റെ അനുഭവം അടിസ്ഥാനമാക്കിയാണ് പരസ്യ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കൈയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

‘ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ‘ ഇദ്ദേഹം പറയുന്നു. മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്.

ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്‌’ കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്

Tags:
Read more about:
EDITORS PICK