അരുണാചലിൽ തകർന്നു വീണ വിമാനത്തിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്ത്

arya antony June 12, 2019

അസം: അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചിൽ തുടരും. വിമാനത്തിൽ മൂന്ന് മലയാളികളുൾപ്പടെ 13 പേരാണുണ്ടായിരുന്നത്.  സിയാങ് ജില്ലയിലെ പായും സർക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

വിമാനം തകർന്നു വീണ ഇടത്തിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകർന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകർന്നു വീണപ്പോൾ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.  ജൂൺ 3-ന് അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലെ സൈനിക ലാൻഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയർന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് SU-30 പോർ വിമാനങ്ങൾ, നാവികസേനയുടെ P8-I തെരച്ചിൽ വിമാനങ്ങൾ, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകൾ എന്നിവ ജൂൺ 3 മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തി വരികയായിരുന്നു. ISROയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്‍റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു. 

Read more about:
RELATED POSTS
EDITORS PICK