മരം തലയില്‍ വീണ് കർഷക പുരസ്‌കാര ജേതാവ് സിബി മരിച്ചു

Pavithra Janardhanan June 12, 2019

മരം തലയില്‍ വീണ് കർഷക പുരസ്‌കാര ജേതാവ് തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി മരിച്ചു.കൃഷിയാവശ്യങ്ങൾക്കായി സ്വദേശമായ തൃശൂരിൽ നിന്ന് ഇടുക്കിയിലെത്തിയപ്പോഴായിരുന്നു സിബിയുടെ മരണം. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ മഴയിലും കാറ്റിലും സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കല്‍ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിബി മരിക്കുകയായിരുന്നു. 49 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തൃശൂർ പട്ടിക്കാട് സംസ്കരിക്കും. 

സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കര്‍ഷകോത്തമ അവാര്‍ഡും 2018ലെ ജഗ്ജീവന്റാം ദേശീയ കര്‍ഷകപുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയാണ് സിബി. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പ്ളാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, തൃശ്ശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്സഡ് ക്രോപ്പ് ഫെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അച്ഛന്‍ വര്‍ഗീസ് കല്ലിങ്കലിന്റെ പാത പിന്തുടര്‍ന്നാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്.

വിവിധയിനം തെങ്ങുകള്‍, മാവുകൾ, കുരുമുളക്, വാഴ, കാപ്പി, ജാതി, പച്ചക്കറി, പശു, അലങ്കാര മത്സ്യങ്ങള്‍, മത്സ്യക്കൃഷി തുടങ്ങിയവ കൊണ്ട് സമൃദ്ധമാണ് സിബിയുടെ കൃഷിയിടം. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും സിബി കൃഷിചെയ്തിരുന്നു. ജൈവകൃഷിരീതിയാണ് പ്രധാനമായും പിന്തുടര്‍ന്നിരുന്നത്. അമ്മ: ത്രേസ്യാമ്മ. ഭാര്യ: സ്വപ്ന. മക്കള്‍: ടാനിയ, തരുണ്‍.

Read more about:
EDITORS PICK