അതീവ ജാഗ്രത, മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു, കേന്ദ്രസേന രംഗത്ത്, കോളേജുകളും സ്‌കൂളുകളും അടച്ചു

Sruthi June 12, 2019

തീരദേശമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കടല്‍ഭിത്തി ഭീഷണി സൃഷ്ടിക്കുന്നു. വായു ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ ഗുജറാത്ത് തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കേന്ദ്രസേന രംഗത്തുണ്ട്. ഇതുവരെ മൂന്നുലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നീ തീരപ്രദേശത്ത് ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നാണ് മുന്നറിയിപ്പ്. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘവും സജ്ജമാണ്.

വെരാവലിന് 340 കിലോമീറ്റര്‍ മാറിയാണ് വായുവിന്റെ നിലവിലെ സ്ഥാനം. തീരദേശ ജില്ലകളിലെ സ്‌കൂളുകളും കോളജുകളും നാളെ വരെ അടച്ചു. ശക്തമായ കാറ്റില്‍ വീടുകള്‍ തകരുന്നതിനും മേല്‍ക്കൂരകള്‍ പറന്നുപോകുന്നതിനുമുള്ള സാധ്യതയുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അഭയകേന്ദ്രങ്ങളിലേക്കാണ് ആളുകളെ മാറ്റുന്നത്. ജൂണ്‍ 15 വരെ മല്‍സത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു മുന്നറിയിപ്പുണ്ട്. അതേസമയം, കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് നല്‍കി. നിലവില്‍ മുംബൈയില്‍ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

Tags: ,
Read more about:
EDITORS PICK