വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്ന്?

Pavithra Janardhanan June 12, 2019

ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് പേരയ്ക്കയില്‍ നിന്നെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാൾ ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതോടെ സംസ്ഥാനത്ത് രണ്ടാം തവണ നിപാ ആരംഭിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നാണെന്ന സംശയം ബലപ്പെട്ടു. അന്വേഷണം നടത്തുന്ന കേന്ദ്ര സംഘമാണ് ഈ നിഗമനത്തിലെ ത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രാഥമികമായ നിഗമനം മാത്രമാണെന്നും യുവാവ് കഴിച്ച പേരയ്ക്ക വവ്വാല്‍ കടിച്ചതാണോയെന്ന് വ്യക്തമല്ലെന്നും കേന്ദ്രസംഘം പറയുന്നു.

സംസ്ഥാനത്ത് നിപാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തിലെത്തിയ കേന്ദ്ര വിദഗ്ധ സംഘം രോഗബാധിതനായ
വിദ്യാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കിയത്.

അതേസമയം, യുവാവിന്‍റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതിയുള്ളതായി കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ളയും അറിയിച്ചു. യുവാവിനിപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

Read more about:
EDITORS PICK