‘വായു’ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക്: ശക്തമായ തിരമാലയ്ക്ക് സാധ്യത: കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്

arya antony June 12, 2019

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്ദർ തീരത്തെത്തും. കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല‍്കി. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. \

മണിക്കൂറിൽ 120 കിലോമീറ്ററോളം വേഗത്തിൽ ഗോവൻ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഇപ്പോൾ ഉൾവലിഞ്ഞിരിക്കുകയാണ്. കടലിൽ പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത്‌ തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറിൽ 135 കിലോ മീറ്റർ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിക്കുന്നത്. 

Read more about:
EDITORS PICK