ജപ്പാനിലെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

arya antony June 19, 2019

ടോക്കിയോ: ജപ്പാനിൽ 6.8 തീവ്രതയിൽ ഭൂചലനമുണ്ടായതിനു പിന്നാലെ പുറപ്പെടുവിച്ച സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സൂനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണു ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. 

മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകള്‍ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകള്‍ അടയ്ക്കുകയും ചെയ്തു. ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുന്നൂറിലേറെ വീടുകളിൽ വൈദ്യുതിബന്ധം തകരാറിലായി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനു സമീപത്തുള്ള ആണവനിലയങ്ങളില്‍ അസ്വാഭാവികമായൊന്നും സംഭവിച്ചിട്ടില്ലെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ ഒസാക മേഖലയിലുണ്ടായ ഭൂചലനത്തിൽ അഞ്ചു പേർ മരിച്ചിരുന്നു.


Read more about:
EDITORS PICK