ഗൗരിയമ്മയ്ക്ക് നൂറാം ജന്മദിനം; വെളളിയാ‍ഴ്ച ആഘോഷപരിപാടികള്‍

Sebastain June 20, 2019

കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മയ്ക്ക് നൂറാം ജന്മദിനം. നൂറ്റിയൊന്നാം വയസിലേക്ക് കടന്ന ഗൗരിയമ്മയുടെ ജൻമദിനാഘോഷം ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളോടെ നടത്താനാണ് സംഘാടക സമിതിയുടെ തീരുമാനം. ആഘോഷ പരിപാടികൾ നാളെ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


വിപ്ലവം തുളുമ്പുന്ന ത്യാഗോ‍ജ്ജലമായ സമര പോരാട്ടങ്ങൾ നിറഞ്ഞ ഈ ജീവിതം ഇവിടെ ഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്ന ഗൗരിയമ്മയെന്ന ധീര വനിത 101 ആം വയസിലേക്ക് കടക്കുമ്പോൾ അത് ഒരു ഒത്ത് ചേരലും, തിരിഞ്ഞ് നേട്ടവും ആവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എസ്സ് അച്യുതാനന്ദൻ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരെല്ലാം ഗൗരിയമ്മയ്ക്ക് ആശംസയുമായി നാളെ ആലപ്പുഴയിൽ ഒത്ത് ചേരും.


സഹോദരൻ സുകുമാരൻ പകർന്ന വീര്യമാണ് ഗൗരിയമ്മയെ രാഷ്ട്രീയക്കാരിയാക്കിയത്. മർദ്ദിതരുടെയും ചൂഷിതരുടെയും യാതനകൾക്കെതിരെ പോരാട്ടത്തിനുറച്ച് സമര ഭൂമിയിൽ ഇറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പം രാഷ്ട്രീയ യാത്ര ആരംഭിച്ചു. 1948ൽ തിരുക്കൊച്ചി നിയമസഭയിലേക്കുളള കന്നിമൽസരത്തിൽ പരാജയം. പിന്നീട് തുടർച്ചയായ വിജയങ്ങൾ. 2011 വരെ -2017 തിരഞ്ഞെടുപ്പുകൾ. അതിൽ 13 വിജയം. 64 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി പി എമ്മിനൊപ്പം നിന്നു. 94ൽ സി പി എം വിട്ട് ജെഎസ്എസ് രൂപീകരിച്ചു. മന്ത്രി പദത്തിൽ എത്തിയത് 5 തവണ. അധികാരത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകൾ ഇല്ലാത്ത കർക്കശക്കാരിയായിരുന്ന ഗൗരിയമ്മ, വ്യക്തി ജീവിതത്തിൽ കാർക്കശ്യത്തിന്‍റെ പുറം ചട്ടയിട്ട വാൽസല്യം നിറഞ്ഞ മുത്തശിയാണ്. ഒരു നൂറ്റാണ്ട് പിന്നിടുന്ന കേരള രാഷ്ട്രീയത്തിലെ മുത്തശ്ശിക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന പിറന്നാൾ ആഘോഷമാണ് സുഹൃത്തുക്കളും, സഖാക്കളും ഒരുക്കിയിരിക്കുന്നത്. .

Read more about:
RELATED POSTS
EDITORS PICK