കല്ലട നന്നാകില്ലേ…? അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി, ആശുപത്രിയില്‍ പോലുമെത്തിച്ചില്ല

Sruthi June 20, 2019

കല്ലട ബസിന്റെ ഗുണ്ടായിസം അവസാനിക്കുന്നില്ല. എത്ര കിട്ടിയാലും കൊണ്ടാലും കല്ലട നന്നാകില്ലെന്ന് തെളിയിച്ചിരിക്കുന്നു. യാത്രക്കാരോട് കല്ല ബസ് ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമാണെന്ന് മുന്‍പേ വ്യക്തമായതാണ്. വീണ്ടുമിതാ മറ്റൊരു ദുരനുഭവം. കല്ലട ബസില്‍ യാത്ര ചെയ്ത പയ്യന്നൂര്‍ സ്വദേശി ആശപത്രിയില്‍.

അമിതവേഗതയില്‍ അശ്രദ്ധമായി ബസോടിച്ച് ഹംപില്‍ ചാടി യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. യാത്രക്കാരനെ ആശുപത്രിയിലാക്കാന്‍ പോലും കല്ലട ബസ് ജീവനക്കാര്‍ തയ്യാരായില്ലെന്നാണ് പരാതി. പയ്യന്നൂര്‍ സ്വദേശി മോഹനനാണ് പരാതിക്കാരന്‍.

ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് മോഹനന്‍ ഇരുന്നത്. ബസ് ഹംപില്‍ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. വേദനയെടുത്ത് അലറിവിളിച്ച് അപേക്ഷിച്ചിട്ട് പോലും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ബസ് നിര്‍ത്തുക പോലും ചെയ്യാതെ വേദന മാറ്റാന്‍ സ്പ്രേ അടിച്ചുകൊടുക്കുകയാണ് ചെയ്തത്.

മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ് നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ മകന്‍ എത്തിയാണ് ആശുപത്രിയിലാക്കിയത്. ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം.

ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മോഹനനെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നാണ് മോഹനന്‍ പറയുന്നത്. വിവരമറിഞ്ഞ് ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്റെ ഓഫീസില്‍ നിന്ന് വിളിച്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായി മോഹനന്റെ മകന്‍ പറഞ്ഞു. ഇന്ന് തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും മകന്‍ സുബീഷ് അറിയിച്ചു.

Read more about:
RELATED POSTS
EDITORS PICK