മൊറട്ടോറിയം നീട്ടാന്‍ ആർബിഐയുടെ അനുമതിയില്ല; അനുമതി നിഷേധിച്ചതിനെതിരെ കേരള സർക്കാർ

arya antony June 20, 2019

മുംബൈ: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള  മൊറട്ടോറിയം നീട്ടാന്‍ ആർബിഐയുടെ അനുമതിയില്ല . കേരളത്തിനു മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്ന് ആര്‍ബിഐ ബാങ്കേഴ്സ് സമിതിയെ അറിയിച്ചു. ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. മാര്‍ച്ച് 31നാണ് മൊറട്ടോറിയം കാലാവധി അവസാനിച്ചത് .   ഇതോടെ ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാം.

അതേസമയം അടിയന്തിര യോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. ബാങ്കേഴ്സ് സമിതി അംഗങ്ങളുടെ യോഗം വിളിക്കാനാണ് ആവശ്യപ്പെടുക. സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്. കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയെ കാലാവധി ഡിസംബർ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതിന്‍റെ വിശദാംശങ്ങൾ ബാങ്കേഴ്സ് സമിതിക്ക് കൊടുത്തു. എന്നാൽ, മുമ്പ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്ന നിലപാട് ആർബിഐ സ്വീകരിച്ചു.

ഇത് വഴി വീണ്ടും ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ബാങ്കുകൾക്ക് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്. ആ‍ർബിഐയെ സർക്കാർ വീണ്ടും സമീപിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആ‍ർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല. 
 

Tags:
Read more about:
EDITORS PICK