18 വര്‍ഷങ്ങള്‍ക്കുശേഷം ആ മധുരശബ്ദം മലയാളികള്‍ക്ക് കേള്‍ക്കാം, എസ്പിബി മലയാളത്തില്‍ പാടി

Sruthi June 20, 2019

പതിനെട്ടു വര്‍ഷത്തിനുശേഷം പ്രമുഖ പിന്നണിഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം മലയാളത്തില്‍ പാടി. ആ ശബ്ദം മലയാളത്തില്‍ ഒന്നുകൂടെ കേള്‍ക്കാന്‍ മലയാളികള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.

പ്രവാസി മലയാളിയായ കെ.ആര്‍.പി വള്ളിക്കുന്നം രചനയും, സംവിധാനവും നിര്‍വഹിച്ച ‘പ്രണയതേന്‍ മഴയായി’ എന്ന സംഗീത ആല്‍ബത്തിലാണ് എസ്.പി. ബാലസുബ്രഹ്മണ്യം രണ്ടു ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ആല്‍ബത്തിന്റെ പ്രകാശനം മുന്‍ ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ. ജയകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു.

1961 ല്‍ കടല്‍ പാലം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയ എസ്.പിബി. അവസാനമായി മലയാളത്തില്‍ പാടിയത് 2001- ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന സിനിമയിലാണ്. പിന്നീട് ഏതാനും മലയാള ചിത്രങ്ങളില്‍ പാടിയിട്ടുണ്ടെങ്കിലും മറ്റു ഭാഷകളിലാണ് ഗാനാലാപനം നടത്തിയിട്ടുള്ളത്.

10 പ്രണയ ഗാനങ്ങളാണ് ‘ പ്രണയതേന്‍ മഴയായി ‘ എന്ന ആല്‍ബത്തിലുള്ളത്. പിന്നണി ഗായകരായ എം. ജി. ശ്രീകുമാര്‍, സുജാത, ശ്വേതാ മോഹന്‍, തുടങ്ങിയവരാണ് മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മധുപാല്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ക്കൊപ്പം പ്രവാസികളായ പുതുമുഖങ്ങളും ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഒമാനിലും, കേരളത്തിലും, ധനുഷ്‌കോടിയിലുമായി ചിത്രീകരിച്ച ആല്‍ബത്തില്‍ പ്രണയത്തിന്റെ 10 ഭാവങ്ങള്‍ അവതരിക്കപ്പെടുന്നുണ്ട്.

പ്രസന്നന്‍ സരിഗമ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ തിരക്കഥയും, ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രമുഖ ഛായാഗ്രഹകനായ ആനന്ദക്കുട്ടന്റെ അസോസിയേറ്റ് ആയിരുന്ന ജിജോ ജോണ്‍ ആണ്.

Read more about:
EDITORS PICK