ജമാൽ ഖഷോഗി വധം: സൗദി കിരീടാവകാശിക്കെതിരെ ശക്തമായ തെളിവ്: അന്വേഷണം ശക്തമാക്കണമെന്ന് യുഎന്‍

arya antony June 20, 2019

ജനീവ: മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം. യുഎൻ അന്വേഷണ സംഘത്തിന്റെ നൂറു പേജുള്ള റിപ്പോർട്ടിൽ ആണ് ഇത് പറയുന്നത്. വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായ ഖഷോഗിയെ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലാണ് അവസാനമായി കണ്ടത്.

ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖഷോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുൻകയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

കൂടുതൽ അന്വേഷണം വേണമെന്നതു ശരിവയ്ക്കുംവിധം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു വ്യക്തമാണെന്നു കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിൻ സൽമാന്റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നെന്നും അദ്ദേഹത്തെ അതിരൂക്ഷമായി വിമർശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിനു തെളിവുകൾ ലഭിച്ചതായും പറയുന്നു. സൗദി കോൺസുലേറ്റിൽ നടന്ന കൊലപാതകത്തിന്റെ വിഡിയോ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഖഷോഗി വധക്കേസിൽ മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താനാണ് ആഗ്നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. യുഎന്നിനെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്രനിലപാടാണു അന്വേഷണ സംഘത്തിനുള്ളത്. ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിൻ സൽമാന്റെ പങ്കു നിഷേധിച്ചിരുന്നു.

കൊല നടത്തിയതിനു കസ്റ്റഡിയിലുളള 12 പേരടങ്ങിയ സംഘത്തിൽ 5 പേർക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ സൗദി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താൻ നിയോഗിച്ച 15 അംഗ സംഘത്തിൽ 11 പേരുടെ വിവരം കുറ്റപത്രത്തിൽ ഇല്ലെന്നും ആഗ്നസ് പറയുന്നു.

Read more about:
EDITORS PICK