ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ യുപി

Sebastain June 25, 2019

തിരുവനന്തപുരം: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.


ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.1000ത്തില്‍ 6 കുട്ടികള്‍ മാത്രമാണ് ജനിച്ചു ഒരു മസത്തിനകം മരിക്കുന്നത്. അതേ സമയം ശിശുമരണ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഒഡിഷയുമാണ്. ഇതിനു പുറമെ പ്രതിരോധ കുത്തിവെപ്പ് 100ശതമാനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ട്യൂബര്‍ കുലോസിസ് പ്രതിരോധിക്കാന്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തി. 2015 -16 കാലയളവില്‍ 139 ടിബി നിരക്ക് ആയിരുന്നത് 2017-18 കാലയളവില്‍ 67ലേക്ക് കുറക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

Tags: ,
Read more about:
EDITORS PICK