പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തിക്ക് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം

Sebastain July 8, 2019

ലാഹോര്‍; 330 കിലോ ഭാരമുളള പാക് പൗരന് ചികിത്സയ്ക്കിടെ ദാരുണാന്ത്യം. 55കാരനായ നൂറുല്‍ ഹുസൈന്‍ ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കഴിയുമ്പോള്‍, ആശുപത്രിയിലുണ്ടായ അക്രമത്തെ തുടര്‍ന്ന് വേണ്ടത്ര പരിചരണം ലഭിക്കാതെയാണ് മരിച്ചത്.
ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിദ്ദീഖാബാദ് സ്വദേശിയാണ് നൂറുല്‍. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ വീടിന്റെ മതില്‍ തകര്‍ത്താണ് നൂറുലിനെ ആശുപത്രിയിലെത്തിച്ചത്. അമിത ഭാരം കാരണം വീടിന്റെ ഗെയ്റ്റ് കടക്കാന്‍ കഴിയാത്തതിനാല്‍ നൂറുല്‍ പുറത്തിറങ്ങിയിരുന്നില്ല. പാക് സൈന്യമാണ് ഇയാളെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ചത്.
ജൂണ്‍ 28ന് നൂറുലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പിന്നീട് കൂടുതല്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. അതിനിടെ, ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ഐസിയുവില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയി. ഇതോടെ ഐസിയുവില്‍ നൂറുല്‍ ഒറ്റയ്ക്കാകുകയായിരുന്നു. ഈ സമയത്താണ് ആവശ്യത്തിന് പരിചരണം ലഭിക്കാതെ നൂറുല്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ അക്രമം നടത്തിയവര്‍ ഐസിയുവിന്റെ ചില്ലുകളും വെന്റിലേറ്ററുകളും തകര്‍ത്തിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Tags: ,
Read more about:
EDITORS PICK