ജഡേജയുടെ പോരാട്ടം വിഫലം; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

Sebastain July 10, 2019

മാഞ്ചസ്റ്റര്‍: ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി തകര്‍ച്ചയില്‍ നിന്നും കരകയറിയ ഇന്ത്യ ഒടുവില്‍ വീണു. മഹേന്ദ്ര സിംഗ് ധോനിയും രവീന്ദ്ര ജഡേജയും നടത്തിയ തകര്‍പ്പന്‍ ഇന്നിങ്‌സിനും ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിക്കാനായില്ല. മാഞ്ചസ്റ്ററില്‍ നീലക്കടലായി മാറിയ ആരാധകരെ കണ്ണീരിലാഴ്ത്തി ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായി. കൃത്യതയാര്‍ന്ന ബൗളിംഗിലും ഫീല്‍ഡിംഗിലും കളംപിടിച്ച ന്യൂസിലന്‍ഡ് ഫൈനലില്‍. ലോകകപ്പ് കിരീടം എന്ന സ്വപ്‌നം നേടാനാകാതെ വിരാട് കോഹ്ലിലും സംഘവും.


മഴ വില്ലനായി എത്തിയ ആദ്യ സെമിയുടെ രണ്ടാമത്തെ ദിവസം ഇന്ത്യയുടേത് ആയിരുന്നില്ല. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 239 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ വന്‍നിര താരങ്ങളെ നഷ്ടമായി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ ഒരു റണ്‍സ് മാത്രം നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്. 25 പന്തുകളില്‍ നിന്ന് ആറ് റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്കിനെയും മാറ്റ് ഹെന്റി മടക്കി.

പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത് ഋഷഭ് പന്തും പുറത്ത്. മിച്ചല്‍ സാന്റ്‌നറാണ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും സാന്ററിന്റെ ഇരയായി.


പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ചൂടും ചൂരും പകര്‍ന്ന രവീന്ദ്ര ജഡേജ – എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. ഒരറ്റത്ത് ധോണി വിക്കറ്റ് കാത്തു സൂക്ഷിച്ച് പിടിച്ച് നിന്നപ്പോള്‍ ജഡേജ ആക്രമണം ഏറ്റെടുത്തു. അപ്രാപ്യമെന്ന് വിലയിരുത്തലുണ്ടായ ലക്ഷ്യത്തിലേക്ക് ജഡേജയുടെ കരുത്തില്‍ ഇന്ത്യ ശ്രമിച്ച് തുടങ്ങി. 92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രവീന്ദ്ര ജഡേജയും എംസ് ധോനിയും ചേര്‍ന്ന് ജീവന്‍ നല്‍കി. 116 റണ്‍സിന്റെ കൂട്ടുകെട്ടാണ ഇരുവരും ചേര്‍ന്ന് നടത്തിയത്. 59 പന്തുകളില്‍ നിന്ന് 77 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ആരാധകര്‍ ജഡേജയിലും ധോനിയിലും വിജയപ്രതീക്ഷയുമായി നീങ്ങുമ്പോഴാണ് 48ാം ഓവറില്‍ ജഡേജയുടെ വിക്കറ്റ് തെറിക്കുന്നത്. 49ാം ഓവറില്‍ ധോനിയും വീണതോടെ കിവീസ് നിരയില്‍ ആഹ്ലാദം തുടങ്ങിയിരുന്നു. അവസാന വിക്കറ്റുകളായി ഇറങ്ങിയ ബൗളര്‍മാര്‍ പ്രതീക്ഷതുപോലെ തന്നെ ഒന്നും ചെയ്യാനാകാതെ കിവീസ് ബൗളിംഗിന് മുന്നില്‍ അടിയറവ് പറഞ്ഞു.

സ്‌കോര്‍: ന്യൂസിലന്‍ഡ്- നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239
ഇന്ത്യ- 49.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്. റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ കളിയില്‍ പിന്നീട് 28 റണ്‍സ് മാത്രമാണ് കിവികള്‍ കൂട്ടിച്ചേര്‍ത്തത്.

കിവീസിനായി നായകന്‍ കെയ്ന്‍ വില്യംസണും (67), റോസ് ടെയ്‌ലറും (74) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസേന്ദ്ര ചെഹല്‍, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:
Read more about:
EDITORS PICK