`അസുഖം മാറി ട്രാക്കില്‍ തിരിച്ചെത്തും’ സര്‍ക്കാര്‍ കൂടെയുണ്ട്; അതുല്യയ്ക്ക് ചികിത്സാ സഹായവുമായി മന്ത്രി ഇ പി ജയരാജന്‍

Sebastain July 11, 2019

തിരുവനന്തപുരം: ‘ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ശരിയാകും. മകള്‍ക്ക് ഏറ്റവും നല്ല ചികിത്സ തന്നെ ലഭ്യമാക്കും. ഈ സര്‍ക്കാരും ഈ നാടും കൂടെയുണ്ട്.’ മന്ത്രി ഇ പി ജയരാജന്റെ വാക്കുകള്‍ സജിയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കമായി. മകളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തളര്‍ത്തിയ ആ പിതാവിന് മന്ത്രിയുടെ വാക്കുകള്‍ ധൈര്യം പകര്‍ന്നു.

ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്കുള്ള ചികിത്സാ സഹായവുമായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെത്തിയതായിരുന്നു മന്ത്രി ഇ പി ജയരാജന്‍. അടിയന്തരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപയും സജിക്ക് കൈമാറി. ഒപ്പം തീവ്രപരിചരണ വിഭാഗത്തിലുള്ള താരത്തെ നേരിട്ട് കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ആശുപത്രി അധികൃതരുമായും ഡോക്ടര്മാരോടും വിശദവിവരങ്ങള്‍ തിരക്കിയാണ് മന്ത്രി തിരിച്ചത്. പത്രവാര്‍ത്തയെ തുടര്‍ന്ന് അതുല്യയുടെ ദയനീയാവസ്ഥയറിഞ്ഞ മന്ത്രി ഇന്നലെതന്നെ രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ച് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പുവരുത്തിയിരുന്നു.

ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ശ്വാസകോശം ചുരുങ്ങുന്ന രോഗമാണെന്ന് കണ്ടെത്തി. ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദശിച്ചു. വളരെ ചെലവേറിയ ലേസര്‍ ശസ്ത്രക്രിയയാണ് പ്രതിവിധി. ഇതിന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൗകര്യമില്ല. തുടര്‍ന്നാണ് സ്വകാര്യാശുപത്രിയിലേക്കു മാറ്റിയത്.

നേരത്തെ, തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അതുല്യ ചികിത്സ തേടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ട്രാക്കില്‍ തിരിച്ചെത്തി. പരിശീലനം തുടരുന്നതിനിടെയാണ് വീണ്ടും രോഗബാധിതയായത്.
തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു അതുല്യ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്. മൈതാനത്തിലേതുപോലെ പഠനത്തിലും മികവ് കാട്ടുന്ന താരമാണ് അതുല്യ. എരുമേലി പമ്പാവാലിയാണ് സ്വദേശം. അഛന്‍ സജി ഹോട്ടല്‍ തൊഴിലാളിയാണ്.

അസുഖം പൂര്‍ണമായി ഭേദപ്പെട്ട് എത്രയും പെട്ടന്ന് ട്രാക്കില്‍ തിരിച്ചെത്താന്‍ അതുല്യയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ഇ പി ജയരാജന്‍ ആശംസിക്കുകയും ചെയ്തു.

Read more about:
RELATED POSTS
EDITORS PICK