ഓസീസിനെ അനായാസം വീഴ്ത്തി ഇംഗ്ലണ്ട്; ലോകകപ്പില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് കിരീടപോരാട്ടം

Sebastain July 11, 2019

ബര്‍മിങാം; ലോകകപ്പ് കിരീടത്തിന് ഇത്തവണ പുതിയ അവകാശികള്‍. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെ, കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം പരാജയപ്പെടുത്തിയാണ് ആതിഥേയരുടെ ഫൈനല്‍ പ്രവേശനം.


ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കേ വിജയത്തിലെത്തി. മികച്ച തുടക്കമായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയി- ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് 124 റണ്‍സ്. 65 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സും അടക്കം 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ബെയര്‍റ്റോ 43 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. ഇരുവരുടെയും കൂട്ടുകെട്ടിന് ശേഷം ക്രീസിലെത്തിയ ജോ റൂട്ടും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. റൂട്ട് 46 പന്തില്‍ നിന്നും എട്ട് ബൗണ്ടറി ഉള്‍പ്പെടെ 49 റണ്‍സും മോര്‍ഗന്‍ 39 പന്തില്‍ നിന്നും 45 റണ്‍സും നേടി പുറത്താകാതെ നിന്നു.

ടോസ് നേടി വന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്‌സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്. ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്.

വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.


1992ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് ഫൈനലാണിത്. നാലാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്. ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലും. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച ന്യൂസിലന്‍ഡ് ഓസീസിനോട് പരാജയപ്പെടുകയായിരുന്നു.

Read more about:
EDITORS PICK