അവള്‍ തിരിച്ചുവരും, സ്വര്‍ണ്ണമെഡലുകള്‍ വാരികൂട്ടും: മരണത്തോട് മല്ലടിക്കുന്ന കായികതാരം അതുല്യയ്ക്ക് സഹായഹസ്തവുമായി മന്ത്രി ഇപി ജയരാജന്‍

Sruthi July 11, 2019

അതുല്യയുടെ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കും. അവള്‍ വീണ്ടും ട്രാക്കിലിറങ്ങും. സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടും. സംസ്ഥാനത്തിന്റെ അഭിമാനമായ അതുല്യയ്ക്ക് സഹായഹസ്തവുമായി മന്ത്രി ഇപി ജയരാജന്‍ എത്തി. ശ്വാസകോശം ചുരുങ്ങി പോകുന്ന അസുഖം ബാധിച്ച് മരണത്തോട് മല്ലിടുകയാണ് അതുല്യ. കോട്ടയം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണ് അതുല്യ ഇപ്പോഴുള്ളത്.

തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ കഴിഞ്ഞ് അവള്‍ ട്രാക്കില്‍ ഇറങ്ങി മെഡലുകള്‍ വാരികൂട്ടി. എന്നാല്‍, അസുഖം അവളെ പിന്നീട് വലിച്ചുമുറുക്കി. ശ്വാസം മുട്ടലാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണെന്ന് കണ്ടെത്തുകയായിരുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അതുല്യയുടെ കുടുംബത്തിന് താങ്ങായിട്ടാണ് മന്ത്രി ജയരാജന്‍ എത്തിയത്. അതുല്യയുടെ ചികിത്സയ്ക്ക് വേണ്ടി അടിയന്തിര സഹായമായി കായികവികസനനിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ അതുല്യയുടെ തുടര്‍ ചികിത്സയ്ക്കായുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴിയാണ് അതുല്യയുടെ രോഗാവസ്ഥ ജനങ്ങളിലേക്കെത്തിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മന്ത്രി വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചു മനസ്സിലാക്കി സഹായം ഉറപ്പ് നല്‍കുകയായിരുന്നു. അതുല്യ ജീവിതത്തിലേക്ക് തിരികെ വരണമെങ്കില്‍ ഏകദേശം 25ലക്ഷം രൂപയെങ്കിലും ചിലവ് വരും.

സര്‍ക്കാരിന്റെ സഹായഹസ്തം കുടുംബത്തിന് ഏറെ ആശ്വാസം നല്‍കിയിരിക്കുകയാണ്. കായിക രംഗത്തേക്ക് അതുല്യ പൂര്‍വ്വ ആരോഗ്യത്തോടെ വരട്ടെയെന്നും മന്ത്രി പറഞ്ഞു. കായിക രംഗത്തു മാത്രമല്ല പഠന രംഗത്തും അതുല്യ മിടുക്കിയാണ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ് അതുല്യ.

Read more about:
RELATED POSTS
EDITORS PICK