കേരളം ഗുജറാത്തില്‍ നിന്നും രണ്ട് സിംഹങ്ങളെ വാങ്ങുന്നു, പകരം രണ്ട് മലയണ്ണാന്മാരെ നല്‍കും

സ്വന്തം ലേഖകന്‍ July 11, 2019

കേരളം ഗുജറാത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ വാങ്ങും. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലാണ് സിംഹങ്ങളെ വാങ്ങുന്നത്. ഇതിന് സൂ അതോറിറ്റി ഇന്ത്യ അനുമതി നല്‍കി. ഇതിനു പകരമായി കേരളം നല്‍കുന്നത് രണ്ട് മലയണ്ണാന്മാരെ ആണ്.

ഗുജറാത്ത് സക്കര്‍ബര്‍ഗ് മൃഗശാലയില്‍നിന്നുമാണ് സിംഹങ്ങളെ വാങ്ങുന്നത്. 1984ല്‍ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാര്‍ക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹങ്ങള്‍ പെറ്റുപെരുകി. 17 സിംഹങ്ങള്‍ വരെയായപ്പോള്‍ പോറ്റാനുള്ള ചെലവും കൂടി. തുടര്‍ന്ന് സിംഹങ്ങളുടെ വംശവര്‍ധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതര്‍ എടുത്തു. ഇതിനായി ആണ്‍ സിംഹങ്ങളെ വന്ധ്യംകരിച്ചു.

എന്നാല്‍ പിന്നീട് സിംഹങ്ങള്‍ ഒന്നൊന്നായി ചത്തു. നിലവില്‍ ഒരു പെണ്‍ സിംഹം മാത്രമാണ് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലുളളത്. ഇതിന് 17 വയസ് പ്രായമുണ്ട്. സിംഹങ്ങളുടെ ശരാശരി ആയുസ് 17 വയസാണ്. 19 വയസുവരെ ജീവിച്ച രണ്ട് സിംഹങ്ങള്‍ കഴിഞ്ഞ വര്‍ഷം ചത്തു. ഇതിനെ തുടര്‍ന്നാണ് സിംഹങ്ങളെ എത്തിക്കാനുള്ള നടപടി ആരംഭിച്ചത്. തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട് സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്ന് മൂന്ന് സിംഹങ്ങളെ എത്തിക്കാന്‍ തീരുമാനമുണ്ടായിട്ട് വര്‍ഷങ്ങളായി. പകരം ഇവര്‍ ആവശ്യപ്പെട്ടിരുന്നത് രണ്ട് മലയണ്ണാന്മാരെയാണ്. ഈ നടപടികളാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്.

ഏഷ്യയിലെ രണ്ടാമത്തെ സിംഹ സഫാരി പാര്‍ക്കാണ് നെയ്യാറിലേത്. ഇവിടെ നിന്നും മലയണ്ണാനുമായി വനംവകുപ്പ് സംഘം ഉടന്‍ ഗുജറാത്തിലേക്ക് തിരിക്കും. കേരളത്തില്‍ പശ്ചിമഘട്ട വനങ്ങളില്‍ കണ്ടുവരുന്ന അണ്ണാന്റെ വര്‍ഗത്തില്‍ ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാന്‍. പൂര്‍ണമായും കാടുകളില്‍ ജീവിക്കുന്ന മലയണ്ണാന്‍ പകല്‍ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്.

Tags:
Read more about:
EDITORS PICK