പുന:പരിശോധനാ ഹര്‍ജി തളളി; മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഉടമകള്‍

Sebastain July 11, 2019


മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഉടമകളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. സുപ്രീംകോടതി ഉത്തരവിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് ഫ്ലാറ്റുടമകൾ പ്രതികരിച്ചു. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി നൽകിയ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണ്. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരട് മുനിസിപ്പാലിറ്റിയിലെ 5 ഫ്ലാറ്റുകൾ പൊളിക്കണമെന്ന് മേയ് 8ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഫ്ലാറ്റ് നിർമാതാക്കൾ നൽകിയ പുനഃപരിശോധനാ ഹർജികളാണ് കോടതി തള്ളിയത്. പുനഃപരിശോധന ഹർജികൾ അതിസൂക്ഷ്മമായി പരിശോധിച്ചു. ഹര്‍ജികളിൽ ഇടപെടേണ്ട സാഹചര്യമില്ല. ഫ്ലാറ്റുകൾ പൊളിക്കണമെന്നും ഉത്തരവിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ആവർത്തിച്ചു.


കോടതി അടിസ്ഥാനമാക്കിയ മാപ്പിന് സാധുതയില്ല. പുതിയ തീരദേശ വിജ്ഞാപന പ്രകാരം കെട്ടിടം നിയമവിരുദ്ധമല്ല എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. പുനപരിശോധന ഹർജി തള്ളിയതോടെ തിരുത്തൽ ഹർജിയാണ് അവശേഷിക്കുന്നത്. എന്നാൽ ഇത് അപൂർവം കേസുകളിലെ അനുവദിച്ചിട്ടുള്ളൂ. ഹർജികൾ തള്ളിയതോടെ ഫ്‌ളാറ്റുകൾ പൊളിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകും. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണം എന്നായിരുന്നു മെയ് എട്ടിലെ ഉത്തരവ്. ജൂണ് എട്ടിന് സമയ പരിധി അവസാനിച്ചെങ്കിലും ഇതുവരെ നോട്ടീസ് നൽകിയതേയുള്ളൂ. വിധിക്ക് എതിരെ ഫ്‌ളാറ്റുകളിലെ താമസക്കാർ നൽകിയ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു.


അതേസമയം സുപ്രീംകോടതി ഉത്തരവിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് ഫ്ലാറ്റുടമകൾ വ്യക്തമാക്കി. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി നൽകിയ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണ്. ജില്ലാ കളക്ടറും മുന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശസ്വയംഭരണ സെക്രട്ടറിയും അടങ്ങുന്ന കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഫ്ലാറ്റിലെ താമസക്കാരുടെ വിവരങ്ങൾ നൽകിയതിൽ ഉൾപ്പടെ വീഴ്ചയുണ്ടായി. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടു. ഫ്ലാറ്റ് പൊളിക്കേണ്ടി വന്നാല്‍ ആത്മഹത്യയല്ലാതെ വേറെ വ‍ഴിയില്ലെന്നാണ് ഉടമകള്‍ അതിവൈകാരികതയോടെ പ്രതികരിച്ചത്.
സുപ്രീംകോടതി വിധിപ്രകാരം 5 ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്പോള്‍ നാനൂറോളം പേര്‍ക്കാണ് താമസസ്ഥലം നഷ്ടമാകുക.

Tags: ,
Read more about:
RELATED POSTS
EDITORS PICK