തൊഴില്‍ തട്ടിപ്പിനിരയായി നാട്ടിലേക്ക് വരാനാകാതെ മലയാളി യുവാക്കള്‍ ദുബൈയില്‍ കുടുങ്ങി കിടക്കുന്നു

Pavithra Janardhanan July 11, 2019

തൊഴില്‍ തട്ടിപ്പിനിരയായി മലയാളി യുവാക്കള്‍ ദുബൈയില്‍ കുടുങ്ങി കിടക്കുന്നു. പരവൂര്‍ സ്വദേശികളായ അഖിലും സുബിനും വിഷ്ണുവും, വിനീഷുമാണ് തൊഴില്‍ തട്ടിപ്പിനിരയായി നാട്ടിലേക്ക് വരാനാകാതെ ദുബൈയില്‍ ദുരിത ജീവിതം നയിക്കുന്നത് . യുവാക്കൾക്ക് രണ്ടു മാസത്തോളമായി മതിയായ ആഹാരം പോലും ലഭിക്കുന്നില്ല.നാട്ടില്‍ നിന്ന് ടിക്കറ്റ് അയച്ചു നല്‍കിയാല്‍ മടക്കി വിടാമെന്നാണു ഈ നിര്‍ധന യുവാക്കളോട് ഏജന്റ് പറയുന്നത്.

ദുബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശുചീകരണ ജോലിയായിരുന്നു ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ മേയ് 26 ന് യുഎഇയില്‍ എത്തിയ നാലുപേര്‍ക്കും ഇതുവരെ ഒരു ദിവസം പോലും ജോലി ലഭിച്ചിട്ടില്ല.ചന്ദനത്തോപ്പില്‍ താമസിക്കുന്ന ഷെഹീര്‍ മുഖേനയാണ് യുവാക്കള്‍ വിദേശത്തേക്ക് പോയത്. വിസയ്ക്ക് ഓരോരുത്തരും 80,000 രൂപ ഷെഹീറിന് നല്‍കിയിട്ടുണ്ട്. നാട്ടിലേക്കുള്ള ടിക്കറ്റ് സ്വയമെടുത്താല്‍ മടക്കിവിടാമെന്നാണ് ഇപ്പോള്‍ ഇയാള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് അതിനുള്ള മാര്‍ഗമില്ല.

യുവാക്കളുടെ കുടുംബാംഗങ്ങള്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വലിയ സംഘമാണ് തൊഴില്‍ തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.

Tags:
Read more about:
RELATED POSTS
EDITORS PICK