അപമാനം സഹിക്കാന്‍ വയ്യ; പത്ത് ലക്ഷം തരാമെന്ന് മഞ്ജുവാര്യര്‍; നടപടികളവസാനിപ്പിച്ചു

Sebastain July 15, 2019

വയനാട്ടില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി മഞ്ചുവാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചിച്ചെന്ന കോളനി നിവാസികളുട പരാതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമ നടപടികള്‍ അവസാനിപ്പിച്ചു. ഇന്ന് നടന്ന ഹിയറിങ്ങില്‍ സര്‍ക്കാറിന് 10 ലക്ഷം രൂപ നല്‍കി കോളനി നവീകരണ പദ്ധതിയില്‍ പങ്കാളിയാകാന്‍ താന്‍ തയ്യാറാണെന്നും, കൂടുതല്‍ തുക ചിലവഴിക്കാനാകില്ലെന്നും മഞ്ചുവാര്യര്‍ രേഖാമൂലം അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിലൂടെയെങ്കിലും പദ്ധതി നടപ്പാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കോളനി നിവാസികള്‍ പ്രതികരിച്ചു.


പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കാമെന്നായിരുന്നു മഞ്ചുവാര്യര്‍ ഫൗണ്ടേഷന്‍ കോളനി നിവാസികള്‍ക്ക് രേഖാമൂലം നല്‍കിയ വാഗ്ദാനം. എന്നാല്‍ പിന്നീട് പദ്ധതി നടപ്പാക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്നറിയിച്ച് പദ്ധതിയില്‍നിന്നും പിന്‍മാറി. ഇതിനെതിരെ കോളനി നിവാസികളും പഞ്ചായത്തധികൃതരും നല്‍കിയ പരാതികളിലെ നടപടികളാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അവസാനിപ്പിച്ചിരിക്കുന്നത്. പരാതിയോടനുബന്ധിച്ചുള്ള ഹിയറിങ്ങിന് നിര്‍ബന്ധമായും നേരിട്ട് ഹാജരാകാന്‍ ഫൗണ്ടേഷന്‍ അധികൃതരോട് ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മഞ്ചുവാര്യരുടെ അഭിഭാഷകന്‍ ഹാജരായി. കോളനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ഇതിനോടകം മൂന്നര ലക്ഷം രൂപ ചിലവഴിച്ചെന്നും എല്ലാ വീടുകളും നവീകരിക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താന്‍ തനിക്കാകില്ലെന്നും മഞ്ചുവാര്യര്‍ ഹിയറിങ്ങില്‍ രേഖാമൂലം അറിയിച്ചു. സര്‍ക്കാരിലേക്ക് 10 ലക്ഷം രൂപകൂടി നല്‍കി പദ്ധതിയുമായി സഹകരിക്കാന്‍ താന്‍ തയാറാണ്. അതില്‍കൂടുതല്‍ തുക ചിലവഴിക്കാനാകില്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയും അപമാനം സഹിക്കാന്‍ ഒരുക്കമല്ലെന്നും മഞ്ചുവാര്യര്‍ കത്തില്‍ വ്യക്തമാക്കി. ഇതോടെ പരാതിയില്‍ നടപടികള്‍ അവസാനിപ്പിച്ചതായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിററി അറിയിച്ചു.

കോളനി നിവാസികള്‍ക്ക് ഇനി പരാതിയുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുനീങ്ങാം. രണ്ടുമാസത്തിനകം വിഷയത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മഞ്ചുവാര്യര്‍ ഫൗണ്ടേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ സഹായത്തിലൂടെയെങ്കിലും കോളനിയില്‍ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് കോളനി നിവാസികള്‍ പ്രതികരിച്ചു.

Read more about:
RELATED POSTS
EDITORS PICK