പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ്, സിനിമയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവർക്കെതിരെ ശങ്കർ രാമകൃഷ്ണൻ

Pavithra Janardhanan July 15, 2019

‘പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച്‌ സിനിമയെ തകര്‍ക്കുന്നുവെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍.തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ‘ഈ അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തില്‍ പൈറസി ആക്രമണമുണ്ടായിട്ടില്ല എന്നും ശങ്കർ രാമകൃഷ്ണൻ പ്രതികരിച്ചു.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ പൈറസി സൈറ്റുകള്‍ വഴി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്നും ഇരുപത്തി എട്ടോളം വ്യാജ ലിങ്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു എന്നും അറിയിച്ചു. സിനിമ തങ്ങളുടെ കൈയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാണ്. ചെന്നൈയിലാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായി ചെയ്തത്. അവിടെ നിന്ന് സിനിമ ചോരാനുള്ള യാതൊരു സാദ്ധ്യതയുമില്ല.

ഇത് തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സൈറ്റുകള്‍ വഴി ലിങ്ക് പ്രചരിപ്പിക്കുന്നത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും പരാതി നല്‍കിയിട്ടുണ്ട്’, ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു. അറുപതോളം പുതുമുഖ നടന്മാരെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശന വിജയം തുടരുകയാണ്.

Read more about:
EDITORS PICK