അഭയക്കേസ്; പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തളളി

Sebastain July 15, 2019

ദില്ലി: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭയകേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകള്‍ ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ തെളിവിന്റെ അഭാവമില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ശക്തമാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഇരുവരും വിചാരണ നേരിടണമെന്നും കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും സുപ്രീംകോടതിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും മനു അഭിഷേക് സിംഗ്‌വിയും ഇവര്‍ക്കായി ഹാജരായെങ്കിലും കൂടുതല്‍ വാദങ്ങളിലേക്ക് കടക്കാതെ തന്നെ ഹര്‍ജികള്‍ തള്ളി.


സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷം അഭയകേസിലെ വിചാരണയ്ക്കുള്ള തടസങ്ങള്‍ നീങ്ങുകയാണ്. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയിലിനെയും നാലാംപ്രതി കെ ടി മൈക്കിളിനെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ആ ഉത്തരവ് ചോദ്യം ചെയ്ത് അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK