കുട്ടികള്‍ ചുവന്ന ട്രൗസര്‍ എടുത്ത് വീശി; പാഞ്ഞുവന്ന ഇന്റര്‍സിറ്റി പൊടുന്നനെ നിർത്തി; എന്നാൽ സംഭവിച്ചത്?

Pavithra Janardhanan July 16, 2019

ഓടിക്കൊണ്ടിരുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് കുട്ടികള്‍ കുടഞ്ഞു നിവര്‍ത്തിയ ചുവന്ന ട്രൗസര്‍ കണ്ട് പൊടുന്നനെ നിർത്തി. ഇന്നലെ ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.5 മിനിറ്റിലേറെയാണ് ട്രെയിൻ നിര്‍ത്തിയിട്ടത്.

സംഭവം ഇങ്ങനെ

വീട്ടില്‍ പറയാതെ 13, 14 വയസുള്ള 4 കുട്ടികള്‍ കുളിക്കാനെത്തിയതായിരുന്നു. ഇവര്‍ തങ്ങളുടെ വസ്ത്രങ്ങളഴിച്ചു ഒന്നാം പ്‌ളാറ്റ്‌ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിന് സമീപത്തെ മരപ്പൊത്തില്‍ സൂക്ഷിച്ചു. കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരാള്‍ ചുവപ്പ് നിറമുള്ള ട്രൗസര്‍ കയ്യിലെടുത്ത് കുടയുന്നതിനിടെയായിരുന്നു ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്നുവന്നത്. അതേസമയം ചുവപ്പ് തുണി വീശുന്നതുകണ്ട് അപായ സൂചനയാണെന്നു കരുതി ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിന്‍ നിര്‍ത്തി. വിവരമറിഞ്ഞു ആര്‍പിഎഫ് എഎസ്‌ഐ ശ്രീലേഷ്, കോണ്‍സ്റ്റബിള്‍ കെസുധീര്‍, സ്‌പെഷല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവര്‍ ഓടിയെത്തുകയും ചെയ്തു.

ഇവരുടെ അന്വേഷണത്തിൽ ‘പ്രതികള്‍’ കുട്ടികളാണ് എന്ന് കണ്ടെത്തി.ഒടുവിൽ ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സുമേഷ് കുട്ടികളുമായി സംസാരിച്ച്‌ സംഭവം വ്യക്തമായതിന് പിന്നാലെ രക്ഷിതാക്കളെ വിളിച്ചു വരുത്തി സുരക്ഷിതരായി വിട്ടയച്ചു. അതേസമയം കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.

Read more about:
RELATED POSTS
EDITORS PICK