എന്തിനാണ് കര്‍ക്കിടക ചികിത്സ?

Pavithra Janardhanan July 16, 2019

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നതു വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ചികിത്സാരീതികളും പഥ്യാഹാരവുമാണ് കർക്കടക ചികിത്സ നിഷ്ക്കർഷിക്കുന്നത്.

ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം. ഇലക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

കര്‍ക്കിടക ചികിത്സ നടത്തിയാല്‍തന്നെയും എല്ലാവര്‍ക്കും കര്‍ക്കിടകമാസത്തില്‍തന്നെ പൂര്‍ണാരോഗ്യവും പ്രതിരോധശേഷിയും വീണ്ടെടുക്കാന്‍ കഴിയണമെന്നില്ല. പിന്നെ എന്തിന് കര്‍ക്കിടക ചികിത്സ എന്ന് ചോദിക്കാം. സ്ഥിരമായ കാലാവസ്ഥ വ്യതിയാനമുണ്ടായിരുന്ന കാലഘട്ടത്തിലെ കര്‍ക്കിടക മാസത്തില്‍ ശക്തമായ കാലാവസ്ഥ വ്യതിയാനംമൂലം ഭൂമിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്ന കാലഘട്ടമായിരുന്നു. ആയുര്‍വേദം ഇതിനെ ആദാനകാലമെന്ന് വിശേഷിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ അവരവരുടെ ആരോഗ്യത്തിനും രോഗത്തിനും അനുസരിച്ചുളള ഔഷധങ്ങള്‍ ഉപയോഗിച്ചുളള ചികിത്സ നേടുക. ഔഷധങ്ങള്‍ കഞ്ഞിരൂപത്തിലോ കഷായരൂപത്തിലോ രോഗിയുടെ അവസ്ഥക്കനുസരിച്ച്‌ തെരഞ്ഞെടുക്കുക.

മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലാത്ത വ്യക്തിക്ക് കര്‍ക്കിടകമാസത്തിലെ ചികിത്സകൊണ്ട് മാത്രം പൂര്‍ണ ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാന്‍ സാധിക്കും. ഓരോ വ്യക്തിയുടെയും ശരീര ഘടനയ്ക്കും രോഗങ്ങള്‍ക്കും അടിസ്ഥാനമാക്കി ചികിത്സ തുടര്‍ന്നു പോകേണ്ടതുണ്ട്. അല്ലാതെ രോഗവ്യാപിതനായ ഒരാള്‍ കര്‍ക്കിടക ചികിത്സകൊണ്ടോ കര്‍ക്കിടക കഞ്ഞി കഴിച്ചതുകൊണ്ടോ മാത്രം കര്‍ക്കിടക മാസത്തില്‍തന്നെ ആരോഗ്യവും പ്രതിരോധവും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയണമെന്നില്ല. അതിന് ചികിത്സ തുടരേണ്ടതായിട്ടുണ്ട്.

Tags:
Read more about:
EDITORS PICK