സദ്യയ്ക്ക് പ്രധാനിയാണ് ഈ വിഭവം: സ്വാദിഷ്ടമായ കൂട്ടുകറി ഉണ്ടാക്കാം

സ്വന്തം ലേഖകന്‍ July 22, 2019

കൂട്ടുകറി പല തരത്തില്‍ ഉണ്ടാക്കാം. പലരും പല രുചിയിലും ചേരുവകയിലും ഉണ്ടാക്കുന്നു. എന്നാല്‍, മലബാറുകാരുടെ സദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി വേറെ തന്നെ. സദ്യയിലെ പ്രധാനിയായ ഇവനെ രുചികരമായി ഉണ്ടാക്കാന്‍ കുറച്ച് പാടും പെടും. പലരും പരീക്ഷിച്ചിട്ടും ആ സ്വാദ് കിട്ടാറില്ലെന്ന് കേള്‍ക്കുന്നു.

സ്വാദിഷ്ടമായ കൂട്ടുകറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ചേരുവകള്‍

ചേന ഒരു കപ്പ്
ഏത്തക്കായ ഒരു കപ്പ്
കടല ഒരു കപ്പ്
തേങ്ങാ ചിരകിയത് ചെറിയ തേങ്ങാ മുഴുവന്‍
പച്ചമുളക് നാലെണ്ണം
ഉണക്ക മുളക് എട്ടെണ്ണം
കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ജീരകം ഒരു ടേബിള്‍ സ്പൂണ്‍
ശര്‍ക്കര ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ കാല്‍ കപ്പ്
കടുക് ഒരു ടീസ്പൂണ്‍
ഉഴുന്ന് രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ഒരു കപ്പ്

തയ്യാറാക്കുന്നവിധം

പാനിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ജീരകവും കുരുമുളകും അഞ്ചു ഉണക്കമുളകും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മിക്‌സിയില്‍ ഇട്ട് അരച്ച് മാറ്റിവയ്ക്കുക.

തേങ്ങാപ്പീര വറുത്തെടുക്കാം. ഒരു പാന്‍ എടുത്ത് അതിലേക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാപ്പീര ചേര്‍ത്ത് നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കാം.

ഒരു ചട്ടിയില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ഏത്തക്കായ ചെറുതാക്കി ഇട്ട് മഞ്ഞള്‍പ്പൊടിയും ഉപ്പും പച്ചമുളകും ചേര്‍ത്ത് വേവിക്കുക. അതിലേക്ക് ഉപ്പിട്ട് വേവിച്ച ചേനയും കടലയും ചേര്‍ത്ത് അരച്ചു വച്ച അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കുക, കറിവേപ്പില ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക. നന്നായി കുറുക്കി കഴിയുമ്പോള്‍ വറുത്തു വെച്ച തേങ്ങാ ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് കടുക് വറുത്തിടാം. പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്നും കടുകും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് വറുത്ത് എടുത്ത് കൂട്ട് കറിയിലേക്ക് ഒഴിക്കുക.

Tags: ,
Read more about:
EDITORS PICK