ഇന്ധന ക്ഷമത കൂടിയ ഹൈബ്രിഡ് ജാസ് ഉള്ളപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വരില്ല

Sruthi July 26, 2019

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ അധികം വൈകില്ലെന്ന വാര്‍ത്തയ്ക്കുപിന്നാലെ ഹോണ്ട കാഴ്‌സ് ഇന്ത്യ പുത്തന്‍ പരീക്ഷണവുമായി എത്തുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരമായി വൈദ്യുത പവര്‍ ട്രെയ്ന്‍ അവതരിപ്പിക്കുന്നതിന് മുമ്പായി സങ്കര ഇന്ധന മോഡലുകള്‍ കൂടി അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി. വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെയാണ് വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍ ഇറങ്ങാത്തതും. പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ മൂന്നാം തലമുറയെ ഹൈബ്രിഡ് പവര്‍ ട്രെയ്‌നോടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട തയാറെടുക്കുന്നത്. ഇതോടെ ഇന്ത്യയില്‍ സങ്കര ഇന്ധന പവര്‍ ട്രെയ്ന്‍ സഹിതമെത്തുന്ന ആദ്യ ഹോണ്ട മോഡലുമാവും 2020 ജാസ് ഹൈബ്രിഡ് . ഇന്ത്യന്‍ വിപണിക്കായി പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ ട്രെയ്‌നാവും ഹോണ്ട പരിഗണിക്കുക. 2020 ജാസിനു പിന്നാലെ സി വിഭാഗം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറ മോഡലിലും ഹോണ്ട ഇതേ സാങ്കേതികവിദ്യ പരീക്ഷിക്കും. മിക്കവാറും അടുത്ത വര്‍ഷം ‘സിറ്റി’യുടെ അഞ്ചാം തലമുറ എത്തുമെന്നാണ് പറയുന്നത്.

ഇക്കൊല്ലത്തെ ടോക്കിയൊ മോട്ടോര്‍ ഷോയിലാവും 2020 ജാസിന്റെ ആഗോളതലത്തിലെ ഔപചാരിക അരങ്ങേറ്റം. അടുത്ത ഓട്ടോ എക്‌സ്‌പോയോടെ 2020 ജാസ് ഇന്ത്യയിലുമെത്തുമെന്നാണു പ്രതീക്ഷ. 2020 അവസാനിക്കുംമുമ്പ് പുതിയ സിറ്റി സെഡാനുമെത്തും. അക്കോഡിലെ ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവ്(ഐഎംഎംഡി) ഹൈബ്രിഡ് കാര്‍ സാങ്കേതികവിദ്യയാണ് ജാസ് ഹൈബ്രിഡും കടമെടുക്കുന്നത്. പക്ഷേ സെഡാനായ അക്കോഡിനെ അപേക്ഷിച്ചു ഹാച്ച്ബാക്കായ ജാസിലെ യൂണിറ്റ് തീര്‍ത്തും ചെറുതാവും. വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ അക്കോഡിന് 43 ലക്ഷം രൂപയോളം വില വരും. എന്നാല്‍, പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ജാസ് ഹൈബ്രിഡിനെ 6.50 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കു ലഭ്യമാക്കാനാകുമെന്നാണ് ഹോണ്ട വ്യക്തമാക്കുന്നത്.

Tags: ,
Read more about:
EDITORS PICK