നല്ല ചൂടോടെ കപ്പയും കിടിലം മീന്‍ കറിയും

സ്വന്തം ലേഖകന്‍ August 1, 2019

കപ്പയും മീന്‍ കറിയും ആര്‍ക്കാണ് ഇഷ്ടല്ലാത്തത്. നല്ല എരിവുള്ള മീന്‍ കറി കൂട്ടി കപ്പ. ശോ….നാവില്‍ കപ്പലോടും. നല്ല മീന്‍ കറിയുണ്ടെങ്കിലേ കപ്പ കഴിക്കാന്‍ ഇഷ്ടമാകൂ…നിങ്ങള്‍ ഉണ്ടാക്കി നോക്കൂ..

മീന്‍കറി ചേരുവകള്‍

മീന്‍ – 1 കിലോ
കുടംപുളി – 5 എണ്ണം ( വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തത് )
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 8 എണ്ണം
ഇഞ്ചി – ഒരു ചെറിയ ഉരുള
മഞ്ഞപ്പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 4 ടേബിള്‍സ്പൂണ്‍
ഉലുവ – ഒരു നുള്ള്
പച്ചമുളക് – 2 എണ്ണം
കടുക് – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില,വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

മീന്‍ കറി ഉണ്ടാക്കാന്‍ വേണ്ടി ഒരു മണ്‍ചെട്ടി അടുപ്പില്‍ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുക് ഇട്ട് അത് പൊട്ടുമ്പോള്‍ അതിലേക്ക് ഉണക്കമുളക് ഇട്ട് ചെറിയ ഉള്ളിയും ഇട്ട് വഴറ്റി കൊടുക്കണം. ഉള്ളി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒരു ഗോള്‍ഡന്‍ കളര്‍ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ഒരു പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കണം ഇതില്‍ ആവശ്യത്തിന് വെള്ളവും ഒഴിച്ച ശേഷം കുതിര്‍ത്തു വെച്ചിരിക്കുന്ന കുടംപുളി കൂടി ഇട്ട് അടച്ചു വെച്ച് തിളപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് മീന്‍ ഇട്ട് കൊടുത്തു ശേഷം അടച്ചു വെച്ച് വേവിക്കാം.മീന്‍ വെന്ത ശേഷം ഇതിലേക്ക് ഉലുവയും വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഒന്ന് ചുറ്റിച്ചു എടുത്ത് മാറ്റി വെക്കാം. മീന്‍ കറി റെഡി ആയിട്ടുണ്ട്.

കപ്പ ചേരുവകള്‍

കപ്പ – 500 ഗ്രാം
തിരുമ്മിയ തേങ്ങ – 1 കപ്പ്
ചെറിയ ഉള്ളി – 3 എണ്ണം
വെളുത്തുള്ളി – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
മഞ്ഞപ്പൊടി – 1/2 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്, ഉപ്പ്

തയ്യാറാക്കുന്നവിധം

ഒരു ഉരുളിയില്‍ കപ്പ അരിഞ്ഞ് ഇട്ട് വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് വേവിച്ചു എടുക്കണം ഇടക്ക് ആവശ്യത്തിന് ഉപ്പ് കൊടുക്കണം ഇനി ഇത് വെന്ത ശേഷം വെള്ളം കളഞ്ഞു മാറ്റി വയ്ക്കാം . അരപ്പ് തയാറാക്കാന്‍ ഒരു ഗ്രൈന്‍ഡറിന്റ ജാറില്‍ തിരുമ്മിയ തേങ്ങയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും ജീരകവും മഞ്ഞള്‍പ്പൊടിയും ഇട്ട് അരച്ച് എടുക്കണം ഇത് കപ്പയില്‍ ചേര്‍ത്ത് കറിവേപ്പിലയും ഇട്ട് ഒഇളക്കി 2 മിനിറ്റു ചെറിയ തീയില്‍ വേവിച്ചു എടുക്കാം . ഇതില്‍ ചേര്‍ക്കാന്‍ ഉള്ള കടുകും ഉണക്കമുളകും കറിവേപ്പിലയും ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുത്തു കപ്പയില്‍ ചേര്‍ത്ത് കൊടുക്കാം . കപ്പയും മീനും റെഡി ആയിട്ടുണ്ട് നല്ല ഒരു കോമ്പിനേഷന്‍ ഫുഡ് ആണ്.

Tags:
Read more about:
EDITORS PICK