പിഎസ് സി നിയമന ശുപാര്‍ശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ നേരിട്ട് കൈപ്പറ്റാം

Sebastain August 2, 2019

തിരുവനന്തപുരം; പിഎസ്സി നിയമന ശുപാര്‍ശാ മെമ്മാ(അഡൈ്വസ് മെമ്മൊ) ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നല്‍കുന്ന നടപടി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പിഎസ്സി ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള ഈ ആവശ്യം പിഎസ്സി അടുത്തിടെയാണ് അംഗീകരിച്ചത്. തപാലില്‍ അയയ്ക്കുന്ന നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നേരിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

സംസ്ഥാനതലത്തില്‍ ജൂലൈ 25 മുതല്‍ അംഗീകരിച്ച നിയമന ശുപാര്‍ശകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് ആദ്യ ദിനത്തില്‍ നേരിട്ട് നല്‍കുന്നത്. ഈ വിവരം എസ്എംഎസ്, പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ എന്നിവ വഴി അറിയിച്ചിട്ടുണ്ട്. മേഖലാ ജില്ലാ ഓഫീസുകളില്‍ നിന്നുമുളള നിയമനശിപാര്‍ശ മെമ്മോ ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ച് അതാത് ഓഫീസുകളില്‍ നിന്നും പിന്നീട് നല്‍കും.

കൈപ്പറ്റാത്ത നിയമന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ എന്‍ജെഡി ഒഴിവുകള്‍ അറിയിക്കുന്നത് വേഗത്തിലാക്കാനും ഇതു വഴി കഴിയും. കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് റാങ്കുപട്ടിക റദ്ദാകുന്നതിനുമുമ്പ് നിയമനം നല്‍കാനുമാവും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം പിഎസ്സി ആസ്ഥാനത്ത് ഉദ്ഘാടനം നടക്കും.

Tags: ,
Read more about:
EDITORS PICK