ഓണ്‍ലൈന്‍ വഴി ഇഷ്ടപ്പെട്ട ബൈക്ക് ഓര്‍ഡര്‍ ചെയ്യാം, ഇനി ഹോം ഡെലിവറി

Sruthi August 6, 2019

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ എന്തും നിങ്ങള്‍ക്ക് മുന്നിലെത്തുന്ന കാലമാണല്ലോ.. വാഹനങ്ങളും ഇനി ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാം. ഇരുചക്രവാഹനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിയുമായി ഹീറോ മോട്ടോ കോര്‍പ്. മുംബൈ, ബെംഗളൂരു, നോയ്ഡ എന്നിവിടങ്ങളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്.

വരും മാസങ്ങളില്‍ പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനാണു ഹീറോ മോട്ടോ കോര്‍പ് ലക്ഷ്യമിടുന്നത്. വെറും 349 രൂപ അധികം നല്‍കിയാല്‍ പുത്തന്‍ ഇരുചക്രവാഹനം വീട്ടിലെത്തിച്ചു നല്‍കാമെന്നാണു ഹീറോയുടെ വാഗ്ദാനം. ഹീറോയുടെ ഇ വാണിജ്യ പോര്‍ട്ടല്‍ വഴിയാണു കമ്പനി ഈ പദ്ധതി നടപ്പാക്കുന്നത്.

സാധാരണ ഇ കൊമേഴ്‌സ് സൈറ്റുകള്‍ പോലെ തന്നെയാണ് ഈ വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം. ഉപയോക്താവിന് ഇഷ്ടമുള്ള മോട്ടോര്‍ സൈക്കിളോ സ്‌കൂട്ടറോ തിരഞ്ഞെടുക്കാനുള്ള അവസരമാണു പോര്‍ട്ടല്‍ നല്‍കുക. ഇഷ്ടപ്പെട്ട വകഭേദവും നിറവുമൊക്കെ തിരയാന്‍ അവസരമുണ്ട്. ഷോറൂമില്‍ പോയി സമയം കളയേണ്ടതില്ല. തുടര്‍ന്ന് ഉപയോക്താവ് ഇരുചക്രവാഹനത്തിന്റെ ഡെലിവറിക്കായി സംസ്ഥാനം, നഗരം, ഡീലര്‍ഷിപ് തുടങ്ങിയവ തിരഞ്ഞെടുക്കണം.

അഡ്വാന്‍സ് മാത്രം നല്‍കിയോ വാഹന വില പൂര്‍ണമായും അടച്ചോ പുതിയ ബൈക്കും സ്‌കൂട്ടറും സ്വന്തമാക്കാനുള്ള അവസരം പോര്‍ട്ടലിലുണ്ട്. തുടര്‍ന്ന് ഉപയോക്താവിന്റെ വീട്ടിലെത്തി വാഹന റജിസ്‌ട്രേഷനുള്ള രേഖകള്‍ വാങ്ങാനുള്ള സംവിധാനവും ഹീറോ മോട്ടോ കോര്‍പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാലുടന്‍ പുത്തന്‍ ഇരുചക്രവാഹനം കമ്പനി ഉപയോക്താവ് നല്‍കിയ വിലാസത്തിലെത്തിച്ചും കൊടുക്കും.

ഇ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ വാഹന നിര്‍മാതാവാണു ഹീറോ മോട്ടോ കോര്‍പെന്നു കമ്പനി അധികൃതര്‍ പറയുന്നു.

Read more about:
EDITORS PICK