രണ്ടാംതവണയും പ്രളയം വീട്ടിലെത്തി, ഐഎം വിജയന്‍ പറയുന്നു

Sruthi August 12, 2019

രണ്ടാം തവണയും ഫുട്‌ബോള്‍ മുത്ത് ഐഎം വിജയന്റെ വീട്ടില്‍ പ്രളയമെത്തി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് വിജയനും കുടുംബവും. വിജയന്‍ പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ..

തൃശൂര്‍ ചെമ്പൂക്കാവിനു സമീപം ചേറൂരിലാണ് വീട്. 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ സ്വന്തമായി നിര്‍മിച്ച വീടാണ്. സമീപത്തു കൂടി പുഴ ഒഴുകുന്നുണ്ട്. മുന്‍പും മഴക്കാലത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും വീടുകളില്‍ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ റോഡ് വരെ വെള്ളമെത്തിയെങ്കിലും ആദ്യം കാര്യമായി എടുത്തില്ല. പക്ഷേ അടുത്ത ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറാന്‍ തുടങ്ങി. സാധനങ്ങളോ കാറോ മാറ്റാന്‍ പോലും സാവകാശം കിട്ടിയിട്ടില്ല. ഞങ്ങള്‍ പെട്ടെന്നുതന്നെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റി. പിന്നീട് വീടിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തില്‍ മുങ്ങി.

വെള്ളമിറങ്ങി തിരികെയെത്തിയപ്പോഴുള്ള അവസ്ഥ പരിതാപകരമായിരുന്നു.ഫര്‍ണിച്ചറുകളും കാറുമെല്ലാം ചെളി കയറി നശിച്ചു. ദിവസങ്ങള്‍ എടുത്താണ് എല്ലാം ഒന്നു മാറിയത്. എന്നിട്ടും അതിന്റെ ദുര്‍ഗന്ധം മാറാന്‍ മാസങ്ങളെടുത്തു. പ്രളയത്തിന്റെ ഒരു വര്‍ഷത്തിനുശേഷം ശുഭപ്രതീക്ഷകളോടെ ഒരു ഓണം വരവേല്‍ക്കാന്‍ ഇരുന്നപ്പോഴാണ് പിന്നെയും മഴയുടെ വരവ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും വീടിനുള്ളിലേക്ക് വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓര്‍മ ഉള്ളതുകൊണ്ട്, വെള്ളം പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഫര്‍ണിച്ചറുകളും മറ്റും മുകള്‍നിലയിലേക്ക് മാറ്റി.

കാര്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിയിട്ടു. അത്യാവശ്യ സാധനങ്ങള്‍ കയ്യിലെടുത്ത് ഭാര്യയെയും മക്കളെയും കൂട്ടി വീട് പൂട്ടിയിറങ്ങി. ഇപ്പോള്‍ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഇപ്പോള്‍ മഴ കുറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം വീട്ടില്‍ പോയി നോക്കിയിരുന്നു. അകത്ത് ചെറുതായി വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും ഐഎം വിജയന്‍ പറയുന്നു.

Read more about:
EDITORS PICK