എബോളയെ ഇല്ലാതാക്കാന്‍ പ്രതിരോധമരുന്ന് കണ്ടെത്തി ഗവേഷകര്‍

Sruthi August 14, 2019

ആശങ്ക പടര്‍ത്തിയ രോഗമായിരുന്നു എബോള. ഈ രോഗം ബാധിച്ച് കോംഗോയില്‍ ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്. മാരകമായ ഈ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ മരുന്നുകളൊന്നും ഫലപ്രദമല്ലാത്തതാണ് മരണം സംഭവിക്കാന്‍ കാരണമായത്. ഇപ്പോഴിതാ ഗവേഷകര്‍ എബോളയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്തി.

പരീക്ഷണം 90 ശതമാനം വിജയകരമായിരുന്നു. രണ്ട് മരുന്നുകളാണ് വിജയകരമായത്. എബോള പടര്‍ന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകള്‍ പരീക്ഷിച്ചത്.രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താല്‍ രോഗബാധയുണ്ടായ 90 ശതമാനംപേരെ രക്ഷിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഗവേഷണം നടത്തിയത്.

ആര്‍.ഇ.ജി.എന്‍ഇ.ബി.3, എംഎബി 114 എന്നീ മരുന്നുകളാണ് ഫലപ്രദമാണെന്ന് തെളിഞ്ഞത്. ഈ മരുന്നുകള്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് കുറഞ്ഞതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തില്‍ 2018 നവംബറിലാണ് എന്‍.ഐ.എച്ച്. എബോളയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള ഗവേഷണമാരംഭിച്ചത്. 700 രോഗികളിലായി നാലുമരുന്നുകളാണ് പരീക്ഷിച്ചത്.

ഇതില്‍ 499 രോഗികളുടെ ഫലമാണ് പുറത്തുവിട്ടിട്ടുള്ളത്. കാര്യക്ഷമത കുറവെന്നു കണ്ടെത്തിയതോടെ ഇസഡ് മാപ്പ്, റെംഡെസിവിര്‍ എന്നീ മരുന്നുകള്‍ ഉപേക്ഷിച്ചുവെന്നും എന്‍.ഐ.എച്ച്. പറഞ്ഞു.

ആര്‍.ഇ.ജി.എന്‍ഇ.ബി.3 മരുന്നുപയോഗിച്ചവരില്‍ 71 ശതമാനം പേരുടെയും എംഎബി 114 ഉപയോഗിച്ചതില്‍ 66 ശതമാനം പേരുടെയും നില മെച്ചപ്പെട്ടു. രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയവരില്‍ ഈ മരുന്നുപയോഗിച്ചപ്പോള്‍ 94 ശതമാനംപേരും എബോളയെ അതിജീവിച്ചു. എന്നാല്‍, ഇസഡ് മാപ്പ് ഉപയോഗിച്ചവരില്‍ 49 ശതമാനം പേരും റെംഡെസിവിര്‍ നല്‍കിയതില്‍ 53 ശതമാനം പേരും മരണത്തിനുകീഴടങ്ങിയെന്നും എന്‍.ഐ.എച്ച്. പറഞ്ഞു.

Tags:
Read more about:
EDITORS PICK