ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവർ ആണോ?

Pavithra Janardhanan August 21, 2019

മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയാമോ?

ആരോഗ്യപ്രശ്‌നങ്ങള്‍

 • വളരെ സമയം ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ശരീരത്തില്‍ നിന്നുള്ള ആകെ ഊര്‍ജനഷ്ടം കുറയുന്നു. ഇത് അമിതവണ്ണം, ദഹനപ്രക്രിയകളിലെ താമസവും തടസവും, പ്രമേഹം, ഹൃദ്‌രോഗം എന്നിവയ്ക്കു കാരണമാകുന്നു.
 • അധികസമയം ഇരിക്കുന്നത് ശരീരം ഇന്‍സുലിനോട് പ്രതികരിക്കുന്നതിനെ ബാധിക്കുകയും പ്രമേഹരോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു.
 • ധാരാളം സമയം ഇരിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം, ഹൃദ്‌രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത രണ്ട് ഇരട്ടിയിലും അധികമാണ്. ദിവസം ശരാശരി എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നത് ടൈപ്പ് – 2 വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ 90 ശതമാനം വര്‍ധിപ്പിക്കുന്നു.
 • അധികസമയം ഇരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അമിതഭാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ദഹനപ്രക്രിയ മന്ദീഭവിക്കുക, നീര്‍ക്കെട്ട് ഉണ്ടാക്കുക മുതലായവ ശരീരത്തില്‍ ഉണ്ടാക്കുന്ന രാസപരിണാമങ്ങള്‍ എല്ലാം തന്നെ കാന്‍സറിനുള്ള സാധ്യതകളെയും വര്‍ധിപ്പിക്കുന്നു.
 • ആഹാരം കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നതു നമ്മുടെ ആമാശയത്തില്‍ എത്തിയിരിക്കുന്ന ആഹാരം അവിടെ ചുരുങ്ങിയിരിക്കുന്നതിനു കാരണമാകുകയും ദഹനക്കുറവ് അനുഭവപ്പെടുകയും ചെയ്യും. തത്ഫലമായി വയറുവേദന, വായുകോപം, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരമായിട്ടായിരിക്കാം ഒരു പക്ഷേ, ” അത്താഴം കഴിഞ്ഞാല്‍ അരക്കാതം” എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും, ആഹാരശേഷം അല്‍പസമയം നടക്കുന്നതിന് വേണ്ടി അവര്‍ സമയം കണ്ടെത്തിയിരുന്നതും.
 • കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയാന്‍ സാധ്യതയുണ്ട്. അവ മാനസികമായ അവസ്ഥകളെ നിയന്ത്രിക്കുന്ന പല രാസപദാര്‍ഥങ്ങളും തലച്ചോറില്‍ നിന്നു ഉത്പാദിപ്പിക്കുന്നതിനെ മന്ദീഭവിപ്പിക്കും. തല്‍ഫലമായി പലരിലും വിഷാദരോഗങ്ങള്‍ പോലെയുള്ള അവസ്ഥകള്‍ സംജാതമാകുന്നു.
 • കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ കഴുത്തും തലയും മുന്നിലേക്ക് ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നു. ഇതുമൂലം കഴുത്തിലെ കശേരുക്കള്‍ക്ക് കൂടുതല്‍ ആയാസം ഉണ്ടാകുകയും അവയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. തത്ഫലമായി കഴുത്തിലും തോളിലും വേദനയും നീര്‍ക്കെട്ടുമുണ്ടാകാന്‍ സാധ്യത ഏറെയാണ്.
 • നട്ടെല്ലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതുകൊണ്ട് പുറംവേദന, നടുവു വേദന, മരവിപ്പ്, കാലുകള്‍ക്ക് വേദനയും മരവിപ്പും എന്നിവ ഉണ്ടാകും. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും കംപ്യൂട്ടര്‍ ഗെയിം മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.

തുടര്‍ച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാന്‍ കാരണമാകും. എന്നാല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാംസപേശികള്‍ക്ക് അയവുവരുത്താന്‍ ലളിതമായ ഈ വ്യായാമങ്ങള്‍ സഹായിക്കും.

 • പാദം നിലത്ത് പൂര്‍ണമായും ഉറപ്പിക്കുക. ഇടുപ്പ് മുന്നോട്ടും പിന്നോട്ടും പതുക്കെ വളയ്ക്കുക. പല തവണ ഇത് ആവര്‍ത്തിക്കുന്നതിലൂടെ പേശികള്‍ക്ക് അയവ് ലഭിക്കും
 • വലതുമുട്ട് ഉയര്‍ത്തി, ഇടതുകാലിന്റെ മുകളില്‍ വെക്കുക. വലതുഭാഗത്തേക്ക് ഇടുപ്പ് തിരിക്കുക. ഇത് എതിര്‍ദിശയിലും ആവര്‍ത്തിക്കുക.
 • കസേരയുടെ അറ്റത്തേക്ക് ഇരിക്കുക. ഉപ്പൂറ്റി മാത്രം നിലത്തു മുട്ടുന്ന രീതിയില്‍ ഇരുകാലുകളും വിടര്‍ത്തുക. വലതുകാല്‍മുട്ട് ഉയര്‍ത്തി ഇടതുകാല്‍മുട്ടില്‍ വെക്കുക. ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക. തുടയുടെ പിന്‍വശത്തെ ഞരമ്പുകള്‍ക്ക് ആശ്വാസം തോന്നുന്ന വരെ ചെയ്യുക.
 • ഇരുകൈകളും കഴുത്തിനു മുകളില്‍, തലയ്ക്കു പിന്നിലായി ചേര്‍ത്തുപിടിക്കുക. വലതു ചെവി, വലതു തോളിലേക്കു ചരിക്കുക, തിരികെ നേരെയാക്കുക. ഇടത്തേക്കും ഇതാവര്‍ത്തിക്കുക. ശേഷം, കഴുത്ത് ഇരുവശത്തേക്കും പരമാവധി തിരിക്കുക.
Tags:
Read more about:
EDITORS PICK