പ്രളയം: ദുരന്തബാധിതര്‍ക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം

Sebastain August 24, 2019

2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തില്‍ പെട്ടവര്‍ക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകള്‍ താമസിച്ച 1.12 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളില്‍ എത്താത്ത ദുരിതബാധിതരുടെ സര്‍വ്വേ ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കും.
ദുരിതബാധിതരെ സര്‍വ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നല്‍കേണ്ടതില്ല. സര്‍വ്വേയില്‍പെടാത്ത ദുരിതബാധിതര്‍ ഉണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ചശേഷം തഹസില്‍ദാര്‍ക്ക് മുന്നില്‍ നേരിട്ട് ക്ലെയിം ഉന്നയിക്കാം. ദുരന്തബാധിതര്‍ ആരുടെയും മുന്നില്‍ കൈ നീട്ടേണ്ടതില്ല. അവര്‍ക്കുണ്ടായ നഷ്ടം വിലയിരുത്തി സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കുമെന്ന രീതിയാണ് അവലംബിക്കുന്നത്. ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.


വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉത്തരവില്‍ നിര്‍വചിച്ചിട്ടുണ്ട്.


മുട്ടൊപ്പം ഉയരത്തില്‍ വെള്ളം കയറി ചെറിയ കേടുപാടുകള്‍ വന്നത് അല്ലെങ്കില്‍ 10 ശതമാനത്തില്‍ താഴെ മേല്‍ക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/പ്ലംബിംഗ് തകരാറുകള്‍ സംഭവിച്ചത് അല്ലെങ്കില്‍ ഗൃഹോപകരണങ്ങള്‍ ഉപയോഗശൂന്യമായ വീടുകള്‍ 15 ശതമാനം നാശം നേരിട്ട വീടുകളായി കണക്കാക്കും.
വെള്ളം കയറി തറയ്ക്ക് കേടു സംഭവിച്ചതും ഇലക്ട്രിക്കല്‍- പ്ലംബിംഗ് തകരാറുകള്‍ സംഭവിച്ചതും അല്ലെങ്കില്‍, മേല്‍ക്കൂരയുടെ 25 ശതമാനംവരെ തകരാറുകള്‍ സംഭവിച്ചതും ഇലക്ട്രിക്കല്‍ പ്ലംബിംഗ് തകരാറുകള്‍ സംഭവിച്ചതും അല്ലെങ്കില്‍, വീട്ടിനകത്തു ചെളിയോ മണ്ണോ അടിഞ്ഞുകൂടിയത്, അല്ലെങ്കില്‍ മേല്‍ക്കൂരയുടെ 50 ശതമാനം വരെ തകരാറുകള്‍ സംഭവിച്ചതുമായ വീടുകള്‍ക്ക് 16 ശതമാനം മുതല്‍ 29 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.
ചുമരില്‍ ദുര്‍ബലമായി പൊട്ടലുകള്‍ വന്നത് അല്ലെങ്കില്‍, 50 ശതമാനത്തിലേറെ മേല്‍ക്കൂര നഷ്ടമായി എന്നാല്‍ മേല്‍ക്കൂരയ്ക്ക് സ്ട്രക്ചറില്‍ തകരാറില്ല (കോണ്‍ക്രീറ്റ് അല്ലാത്ത മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ക്ക്) എങ്കില്‍ 30 മുതല്‍ 59 ശതമാനം വരെ നാശമുണ്ടായ വീടുകളായി കണക്കാക്കും.


ഒന്നോ ഏറെയോ ചുമരുകള്‍ തകര്‍ന്നു, എന്നാല്‍ മേല്‍ക്കൂരയ്ക്ക് സ്ട്രക്ചറല്‍ തകരാറില്ല (കോണ്‍ക്രീറ്റ് അല്ലാത്ത മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ക്ക്) എങ്കില്‍ 60 മുതല്‍ 74 ശതമാനം വരെ നാശനഷ്ടമായി കണക്കാക്കും. സ്ട്രക്ചറല്‍ തകരാര്‍ സംഭവിച്ച കെട്ടിടം, മേല്‍ക്കൂര തകര്‍ന്ന കെട്ടിടം (കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ), അല്ലെങ്കില്‍, അടിത്തറ തകര്‍ന്ന് വാസയോഗ്യം അല്ലാതായത്, അല്ലെങ്കില്‍, വാസയോഗ്യം അല്ല എന്ന് എന്‍ജിനീയര്‍ ശിപാര്‍ശ ചെയ്യുന്ന വീട്, അല്ലെങ്കില്‍, ദുരന്തസാധ്യത മേഖലയില്‍ ആണ് എന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘമോ പഠനം നടത്തി കണ്ടെത്തിയ വസ്തുവില്‍ ഉള്ള വീട് എങ്കില്‍ 75 ശതമാനം മുതല്‍ 100 ശതമാനം വരെ നാശമുണ്ടായതായി കണക്കാക്കും.
ദുരന്തബാധിതര്‍ക്ക് അടിയന്തരസഹായം ആയി 10,000 രൂപ വീതവും, പൂര്‍ണമായി തകര്‍ന്നതോ പൂര്‍ണമായി വാസയോഗ്യം അല്ലാത്തതോ (75 ശതമാനത്തില്‍ അധികം നാശനഷ്ടമുള്ള) ആയ വീടുകളില്‍ വസിക്കുന്നവര്‍ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കുന്നതിന് പ്രകൃതിക്ഷോഭത്തില്‍ ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശ പരിഗണിച്ച് മിനിമം റിലീഫ് കോഡ് പ്രകാരമുള്ള ആശ്വാസധനസഹായം അനുവദിക്കുന്നതിന് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.


75 ശതമാനം മുതല്‍ 100 ശതമാനം വരെ (മലയോരവും സമതലവും) നാലുലക്ഷം രൂപ, 60 മുതല്‍ 74 വരെ (മലയോരവും സമതലവും) രണ്ടര ലക്ഷം രൂപ, 30 മുതല്‍ 59 വരെ (മലയോരവും സമതലവും) 1,25,000 രൂപ, 16 മുതല്‍ 29 വരെ 60,000 രൂപ, കുറഞ്ഞത് 15 ശതമാനത്തിന് 10,000 രൂപ എന്നിങ്ങനെ അനുവദിക്കും.
പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ നിബന്ധനകള്‍ പ്രകാരം ആറു ലക്ഷം രൂപയും, വീട് വയ്ക്കുന്നതിന് നാലു ലക്ഷം രൂപയും അനുവദിച്ച തീരുമാനം 2019 ലെ പ്രകൃതിക്ഷോഭ ദുരിതബാധിതര്‍ക്കും ബാധകമാണ്.
ആറുലക്ഷം രൂപ വിനിയോഗിച്ച് രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്ത് ഫീസ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്നു സെന്റ് വസ്തുവെങ്കിലും വാങ്ങേണ്ടതാണ്. ആറു ലക്ഷം രൂപ ഉപയോഗിച്ച് പരമാവധി അളവിലും ഭൂമി വാങ്ങാവുന്നതാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിന് 10 ലക്ഷം രൂപ വരെ അനുവദിക്കും.
ദുരിതബാധിതരായ പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടം ഉണ്ടായവര്‍ക്കും ദുരിതാശ്വാസ സഹായം അനുവദിക്കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് ഭാഗീകനാശം ഉണ്ടായവര്‍ക്കും വ്യവസ്ഥകള്‍ അനുസരിച്ച് സഹായം നല്‍കും. പുറമ്പോക്ക് ഭൂമിയിലെ വീടിന് പൂര്‍ണമായ നാശനഷ്ടം ഉണ്ടായവര്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെ നല്‍കും.


ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിനായി ഉദ്ദേശിച്ച ഭൂമിയില്‍ സ്ഥിതി ചെയ്തിരുന്നവയും 2018ലെ പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണനാശം സംഭവിച്ചതുമായ വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് സ്വന്തം വീട് നിര്‍മിക്കാന്‍ ആശ്വാസധനസഹായമായ നാലുലക്ഷം രൂപ ഈ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ ദുരിതബാധിതരായവര്‍ക്കും അനുവദിക്കുന്നതിന് ഉത്തരവായി. ഈ തുക അവാര്‍ഡ് തുകയില്‍ നിന്ന് കുറച്ചാണ് അനുവദിക്കുക.
പ്രകൃതിക്ഷോഭത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെയും, വീടുകളുടെയും ഡിജിറ്റല്‍ വിവരശേഖരണം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതിനുള്ള ഫ്‌ളോ ചാര്‍ട്ടും തയാറാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ ഫ്‌ളോ ചാര്‍ട്ട് പ്രകാരം നടത്തുന്ന സര്‍വേയില്‍ ഉള്‍പ്പെടാതെ പോയി എന്ന അവകാശവാദം ഉള്ളവര്‍ അത് നേരിട്ട് തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം.

Read more about:
RELATED POSTS
EDITORS PICK