മുഖ്യമന്ത്രി സ്ത്രീ യോട് ക്ഷോഭിച്ചിട്ടില്ല; വ്യാജ പ്രചരണത്തിനെതിരെ കളക്ടര്‍

Sebastain August 24, 2019

കണ്ണൂര്‍: കണ്ണൂരില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സ്ത്രീയോട് ക്ഷോഭിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ രംഗത്ത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കളക്ടര്‍ ടിവി സുഭാഷ് പറഞ്ഞു.

ആറ്റടപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയില്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടിവിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞു.

ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK