ആശുപത്രിയിലെത്തി രോ​ഗികളുടെ പഴ്സ് കവർന്നു: യുവതി അറസ്റ്റിൽ; കുടുക്കിയത് സിസിടിവി ദ‍ൃശ്യങ്ങൾ

arya antony August 24, 2019

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗികളുടെ പഴ്‌സ് കവർന്ന സംഭവത്തിൽ യുവതി പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒപിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്‌സ് കവർന്ന സംഭവത്തിലാണ് യുവതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പുഞ്ചവയൽ പാക്കാനം സ്വദേശി നിഷയെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവരിൽ നിന്ന് രണ്ട് പഴ്‌സുകളും കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് ഒപി വിഭാഗത്തിന് മുമ്പിൽ പേരക്കുട്ടിയുമായി ഇരുന്ന വയോധികയുടെ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതിയുയരുന്നത്. തുടർന്നാണ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചത്. സിസിടിവി ദൃശ്യത്തിൽ വയോധികയുടെ സമീപമിരുന്ന യുവതി ഇവരുടെ പഴ്സ് കവരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി പുഞ്ചവയൽ സ്വദേശിനിയാണെന്ന് തിരിച്ചറിയുകയും അവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജനറൽ ആശുപത്രിയിൽ ഇതിനുമുൻപും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളിൽ പിടിക്കപ്പെട്ട യുവതിക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്.

Read more about:
RELATED POSTS
EDITORS PICK