വെടിയുണ്ടയ്ക്കും ഗ്രനേഡിനും തകര്‍ക്കാനാവില്ല; ബിഎംഡബ്ല്യുവിന്റെ ‘X5 പ്രൊട്ടക്ഷന്‍ VR6’

Sebastain August 29, 2019


വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും ചെറുക്കാന്‍ കഴിയുന്ന അത്യാധുനിക സുരാക്ഷാ കവചങ്ങള്‍ ഒരുക്കി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ‘X5 പ്രൊട്ടക്ഷന്‍ VR6’ അവതരിപ്പിച്ചു. അഞ്ചാംതലമുറ X5 എസ്.യു.വിയുടെ പുതിയ കവചിത മോഡലിന്റെ പേരാണ് X5 പ്രൊട്ടക്ഷന്‍ VR6. വെടിവയ്പ്പ്, സ്‌ഫോടനം തുടങ്ങിയ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ ബിഎംഡബ്ല്യു കവചിത X5 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് സാധിക്കും.

സാധാരണ X5 മോഡലിന്റെ രൂപത്തില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും കവചിത പതിപ്പിനില്ല. പേരിലെ VR6 എന്നത് വാഹനത്തിന്റെ പ്രൊട്ടക്ഷന്‍ റേറ്റിങ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ബോംബ്, ഗ്രനേഡ് എന്നിവയില്‍ നിന്ന് പവര്‍ട്രെയിന്‍, ഫ്ലോര്‍ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ അടിയില്‍ കട്ടിയേറിയ അലൂമിനിയം സ്പ്ലിന്‍ഡര്‍ ഷീല്‍ഡ് ആവരണമുണ്ട്. 33 എംഎം പോളികാര്‍ബണേറ്റ് ഗ്ലാസുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ബുള്ളറ്റുകളെ നിഷ്പ്രഭമാക്കാന്‍ മള്‍ട്ടി ലെയേര്‍ഡാണ് ഗ്ലാസുകള്‍.

എകെ 47 തോക്കില്‍നിന്ന് വരെയുള്ള വെടിയുണ്ടകളും 15 കിലോഗ്രാം ടിഎന്‍ടി സ്‌ഫോടനവും നാല് മീറ്റര്‍ പരിധിയില്‍ വരെ ചെറുക്കാന്‍ കവചിത X5ന് സാധിക്കും. ആദ്യം ഒരു സ്‌ഫോടനം നടത്തിയശേഷം പിന്നാലെയുള്ള രണ്ടാമത്തെ ആക്രമണങ്ങളെ ചെറുക്കാന്‍ X5 പ്രൊട്ടക്ഷനെ സഹായിക്കുന്നതാണ് ഈ സംവിധാനം. അടിയന്തര സാഹചര്യത്തില്‍ വെടിയുണ്ടയേറ്റ് ഫ്യുവല്‍ ടാങ്കില്‍ വിള്ളല്‍ വീണാലും ഇന്ധനം ചോരില്ല. ഈ വിള്ളല്‍ സ്വയം ഇല്ലാതാക്കാന്‍ വാഹനത്തിന് സാധിക്കും എന്നതും വാഹനത്തിന്റെ സവിശേഷതയാണ്.

X5 പ്രൊട്ടക്ഷന്‍ VR6 മോഡലിന് കരുത്ത് നല്‍കുന്നത് 530 പിഎസ് പവറും 750 എന്‍എം ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ സ്പാര്‍ട്ടണ്‍ബര്‍ഗ് പ്ലാന്റില്‍ നിന്നാണ് കവചിത X5 പതിപ്പിന്റെയും നിര്‍മാണം നടക്കുക.

Tags: ,
Read more about:
EDITORS PICK