സ്‌കൂള്‍ പരിസരത്തും കര്‍ശന പരിശോധന: ലൈസന്‍സില്ലാതെ പിടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് മൂന്നുവര്‍ഷം തടവ്

Sruthi September 3, 2019

മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സ്‌കൂള്‍ പരിസരത്തും പോലീസ് പരിശോധന ശക്തമാക്കി. ട്യൂഷന്‍ സെന്ററുകളുടെ പരിസരത്തും ചെക്കിങ് ഏര്‍പ്പെടുത്തുന്നുണ്ട്. ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍, ഇനി കണ്ണുവെട്ടിച്ച് പോകാമെന്ന് ആരും കരുതേണ്ട.

പലപ്പോഴും രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും യാത്ര. അതും ബൈക്കില്‍ ഒന്നില്‍ കൂടുതല്‍ ആളെ കയറ്റിയാണ് സഞ്ചാരം. എന്നാല്‍ ഇനി ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകര്‍ത്താവിന് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.

വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെ വര്‍ധനവുള്ളതിനാല്‍ പിടിവീണാല്‍ കീഴ കാലിയാകുമെന്ന കാര്യം ഉറപ്പാണ്. ഹെല്‍മറ്റില്ലാത്തതിന് പോലിസ് പിടിച്ചാല്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. 100 രൂപ കൊടുത്താല്‍ മതിയല്ലോ എന്ന ചിന്തയില്‍ ഹെല്‍മറ്റ് ഇടാതെ നിരത്തിലിറങ്ങുന്ന യുവതലമുറ മാറി ചിന്തിക്കേണ്ടി വരും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് വാഹനമോടിക്കുമ്‌ബോഴുള്ള മൊബൈല്‍ ഉപയോഗമാണെന്ന് സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.

Read more about:
EDITORS PICK