ഭാര്യയുടെ പരാതി: മുഹമ്മദ് ഷമിക്ക് അറസ്റ്റ് വാറന്റ്

Sruthi September 3, 2019

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കുടുംബ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഷമിക് അറസ്റ്റ് വാറന്റ്. കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകും. 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കണം.

വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ഷമി ഇപ്പോള്‍ ജമൈക്കയില്‍ ടീമിനൊപ്പമാണ്. ചാര്‍ജ്ഷീറ്റ് കാണുന്നതുവരെ താരത്തിനെതിരെ നടപടിയുണ്ടാകില്ലെന്നു ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നാരോപിച്ചു കഴിഞ്ഞ വര്‍ഷമാണു ഭാര്യ ഹസിന്‍ ജഹാന്‍ പരാതി കൊടുത്തത്. തുടര്‍ന്നു ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു.

ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. ഇതിനിടെ ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

Read more about:
RELATED POSTS
EDITORS PICK