സത്യം വിജയിക്കും, ഷമിയും ശിക്ഷിക്കപ്പെടും; മുന്‍ഭാര്യ ഹസിന്‍ ജഹാന്‍

Pavithra Janardhanan September 4, 2019

ആശാ റാം ബാപ്പുവിനും റാം റഹിമിനും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ശിക്ഷിക്കപ്പെടുമെന്ന് മുൻ ഭാര്യ ഹസിന്‍ ജഹാന്‍.ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് താരത്തിനെതിരെ ഹസിന്‍ ആഞ്ഞടിച്ചത്.

ഷമിക്ക് ബി.സി.സി.ഐയുടെയും ചില മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെയും പിന്തുണയും ലഭിക്കുന്നുണ്ട്. അല്ലാത്തപക്ഷം അദ്ദേഹം തന്റെ തെറ്റുകള്‍ തിരുത്തുമായിരുന്നു.
ഞാന്‍ ഒന്നര വര്‍ഷമായി പോരാടുകയാണ്. എനിക്ക് നിരാശയുണ്ടായിരുന്നു. ഞാന്‍ സാമ്പത്തികമായി ശക്തയല്ല, എനിക്ക് ഒരു തരത്തിലുള്ള പിന്തുണയും ഉണ്ടായിരുന്നില്ല. അവന്റെ പാപങ്ങള്‍ മറക്കാന്‍ കഴിയില്ല. അവസാനദിനം അവന്‍ ചെയ്തതിന് വിലയൊടുക്കേണ്ടി വരും , ജഹാന്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ (ഗാര്‍ഹിക പീഡനം), 354 എ (ലൈംഗിക പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷമിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഒന്നിലധികം ആരോപണങ്ങള്‍ ഉന്നയിച്ച്‌ ജഹാന്‍ 2018ല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഷമിക്കും സഹോദരന്‍ ഹസിദ് അഹമ്മദിനും കീഴടങ്ങാനും ജാമ്യത്തിന് അപേക്ഷിക്കാനും 15 ദിവസത്തെ സമയം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയിട്ടുണ്ട്. കേസില്‍ വാദം ആരംഭിച്ചതിന് ശേഷവും എതിര്‍കക്ഷികളായ ഷമിയും സഹോദരനും ഹാജരാകാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

Read more about:
EDITORS PICK