നടി ഊര്‍മിള കോണ്‍ഗ്രസ് വിട്ടു

Sebastain September 10, 2019

മുംബൈ; അഞ്ച് മാസത്തെ ബാന്ധവം അവസാനിപ്പിച്ച് നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസ് വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഊര്‍മിള കോണ്‍ഗ്രസിലെത്തുന്നതും മത്സരിക്കുന്നതും. വെറും അഞ്ച് മാസം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തനം മതിയാക്കുന്നതായി അറിയിച്ച് ഊര്‍മിള രാജിക്കത്തും നല്‍കി.


മുംബൈ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ക്ക് ആര്‍ക്കും തന്നെ പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാന്‍ ക‍ഴിയുന്നില്ലെന്നാണ് ഊര്‍മിള പറയുന്നത്. നിസ്സാരമായ പാര്‍ട്ടി ഉള്‍പ്പോരുകളില്‍ തന്നെയും ഉള്‍പ്പെടുത്തുകയാണ്. ഇത് കണ്ടുനില്‍ക്കാന്‍ രാഷ്ട്രീയ, സാമൂഹിക ബോധം അനുവദിക്കില്ലെന്നും ഊര്‍മിള പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് മത്സരിച്ചാണ് ഊര്‍മിള പരാജയപ്പെട്ടത്. തെരഞ്ഞടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പേ തന്നെ പാര്‍ട്ടിയിലെ ഉള്‍പ്പോര് ചൂണ്ടിക്കാട്ടി ഊര്‍മിള നേതൃത്വത്തിനയച്ച കത്ത് ഈയിടെ പുറത്തുവന്നിരുന്നു. അതിന് ശേഷം ഊര്‍മിള വലിയ അതൃപ്തിയിലുമായിരുന്നു.


കത്തില്‍ മറുപടി ലഭിച്ചില്ലെന്നു മാത്രമല്ല, വളരെ രഹസ്യമായി നേതൃത്വത്തിന് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. ഇതോടെയാണ് ഊര്‍മിള കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK