മഴക്കാലമായതോടെ ഷിഗെല്ലാ വയറിളക്കവും: മരണംവരെ സംഭവിക്കാം, അറിഞ്ഞിരിക്കൂ

Sruthi September 13, 2019

മഴക്കാലത്ത് പനിയോടൊപ്പം ഉണ്ടാകുന്ന ഒന്നാണ് വയറിളക്കവും. വയറിളക്കം പലതരത്തിലുണ്ട്. ഇവിടെ ഷിഗെല്ലാം വയറിളക്കത്തെക്കുറിച്ചാണ് പറയുന്നത്. ചികില്‍സിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാം.

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാല്‍ ഷിഗെല്ല വയറിളക്കമെന്ന് വിളിക്കുന്നു. ഷിഗെല്ലോസിസ് എന്നാണ് രോഗത്തിന്റെ പേര്. ലോകത്താകമാനം വയറിളക്കമുണ്ടാക്കുന്ന രോഗാണുക്കളില്‍ പ്രധാനിയാണ് ഷിഗെല്ല. ഇ-കോളി ബാക്ടീരിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാക്ടീരിയ വര്‍ഗമാണ് ഷിഗെല്ല. 1897ല്‍ കിയോഷി ഷിഗയാണ് ബാക്ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്.

ചികില്‍സ വൈകുന്നതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു. രോഗം ബാധിച്ചവരുടെ മലത്തില്‍ നിന്നാണ് ഷിഗെല്ല പടരുന്നത്. ഈ രോഗാണു വൃത്തിഹീനമായ ഭക്ഷണം, മലിനജലം, വൃത്തിയാക്കാത്ത കൈകള്‍ എന്നിവയിലൂടെ ശരീരത്തിലെത്തുന്നു. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പടരും. ഡയപ്പറുകള്‍ മാറ്റുമ്പോഴും രോഗാണു പടരാം.

കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും വിസര്‍ജിക്കപ്പെടുന്നതാണ് രോഗം. ഷിഗെല്ല ബാധിച്ച് ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിക്കും. ചെറിയ വയറുവേദന മുതല്‍ മലത്തോടൊപ്പം രക്തവും വിസര്‍ജിക്കുന്ന തരത്തിലുള്ള വയറിളക്കം വരെ ഇതിന്റെ ലക്ഷണങ്ങളാണ്.

വയറിളക്കം, വയറുവേദന, പനി, ഛര്‍ദി, ശ്വാസതടസ്സം, അപസ്മാരം, മലവിസര്‍ജനത്തിനിടെ വേദന, മലത്തോടൊപ്പം ചലം അല്ലെങ്കില്‍ കഫം, രക്തം എന്നിവ വിസര്‍ജിക്കുക, തുടരെയുള്ള മലവിസര്‍ജനം തുടങ്ങിയവ ലക്ഷണങ്ങളാണ്.

ശ്ലേഷ്മ പടലത്തിലുണ്ടാവുന്ന വ്രണങ്ങള്‍(അള്‍സര്‍), മലദ്വാരത്തിലൂടെ രക്തം, ഗുരുതരമായ നിര്‍ജ്ജലീകരണം, സന്ധിവാതം, രക്തദൂഷണം, ജ്വരം, ഹെമോലിറ്റിക് യുറാമിക് സിന്‍ട്രോം തുടങ്ങിയ പ്രശ്‌നങ്ങളാണ് ഗുരുതരാവസ്ഥയില്‍ കാണപ്പെടുന്നത്.

അഞ്ചുമുതല്‍ ഏഴുദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. സാധാരണയായി കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. പ്രത്യേക മരുന്നുകളില്ല. ഷിഗെല്ല ഭക്ഷണത്തിലൂടെയും പടരാം. ഉരുളക്കിഴങ്ങ്, ടൂണ, ചെമ്മീന്‍, മാക്രോണി, കോഴിയിറച്ചി തുടങ്ങിയ സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പഴകിയ ഭക്ഷണം, മാംസം എന്നിവയിലൂടെ ഷിഗെല്ല പടരും.

Read more about:
EDITORS PICK