ഡ്രൈവിംഗ് ലൈസന്‍സ് പുതിയ രൂപത്തിലാക്കും

Sruthi September 23, 2019

ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരിക്കുന്നു. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 2019 നടപ്പിലാക്കിയ ശേഷം ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും മാറ്റാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

2019 ഒക്ടോബര്‍ 1 മുതല്‍ ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറം, ഡിസൈന്‍, സുരക്ഷാ സവിശേഷതകള്‍ എന്നിവ മാറും. രാജ്യത്തുടനീളമുള്ള ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും ഏകീകൃത ഡാറ്റാബേസ് സൂക്ഷിക്കുന്നതിനായി ഡിഎല്‍, ആര്‍സി എന്നിവയ്ക്കായുള്ള പുതിയ ലേ ഔട്ടും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഫോര്‍മാറ്റ് എല്ലാ സംസ്ഥാനങ്ങളിലും സമാനമായിരിക്കും. കൂടാതെ മൈക്രോചിപ്പ്, ക്യുആര്‍ കോഡുകള്‍ പോലുള്ള നൂതന സംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ഫോര്‍മാറ്റില്‍ വ്യക്തിയുടെ രക്തഗ്രൂപ്പ്, ഇഷ്യു തീയതി, അടിയന്തര കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തും.
മാത്രമല്ല അതിനുള്ളിലെ മൈക്രോചിപ്പ് ആ പേരിലുള്ള കുറ്റകൃത്യങ്ങളുടെ റെക്കോര്‍ഡ് 10 വര്‍ഷം വരെ സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ്. സെന്‍ട്രല്‍ ഡാറ്റാ ബേസില്‍ നിന്നുള്ള ഡ്രൈവറുമായോ വാഹനവുമായോ ബന്ധപ്പെട്ട മുമ്പുണ്ടായിരുന്ന എല്ലാ രേഖകളും ഒരിടത്ത് ലഭ്യമാകുവാനും ക്യുആര്‍ കോഡ് സഹായിക്കും.ഈ ക്യുആര്‍ കോഡ് വായിക്കുവാനായി ട്രാഫിക് പോലീസിന് പ്രത്യേക ഹാന്‍ഡ് ട്രാക്കിംഗ് ഉപകരണവും നല്‍കും.

വാഹനത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ആര്‍സിയില്‍ ഉള്‍പ്പെടുത്തും. വാഹനത്തിന്റെ ഇന്ധന, എമിഷന്‍ മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കറ്റിലുണ്ടായിരിക്കും. അതേസമയം നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പഴയ പതിപ്പില്‍ നിന്ന് പുതിയതും വളരെ ഫലപ്രദവുമായ ഫോര്‍മാറ്റിലേക്ക് മാറുന്നതിനുള്ള തീയതിയോ അത് സംബന്ധിച്ച വിശദാംശങ്ങളോ ഒന്നും തന്നെ നല്‍കിയിട്ടില്ല.നിലവില്‍ ഓരോ സംസ്ഥാനത്തിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും ആര്‍ സികള്‍ക്കും വ്യത്യസ്തമായ ഫോര്‍മാറ്റാണുള്ളത്.

കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് ജനങ്ങളോട് അഭിപ്രായം ചോദിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Read more about:
EDITORS PICK