സൗദി രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു

Sebastain September 29, 2019

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദിന്റെ പ്രധാന അംഗരക്ഷകരിലൊരാള്‍ വെടിയേറ്റ് മരിച്ചു. മേജര്‍ ജനറല്‍ അബ്ദുള്‍അസീസ് അല്‍ ഫഖാം ആണ് വെടിയേറ്റു മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വെടി വെക്കുകയായിരുന്നെന്നാണ് വിവരം. ഇതൊരു വ്യക്തിപരമായ തര്‍ക്കത്തിനു പിന്നാലെയാണെന്ന് ദേശീയ ടെലിവിഷന്‍ പറഞ്ഞു.


സൗദി സ്റ്റേറ്റ് ടെലിവിഷന്‍ ഒരു ട്വീറ്റിലൂടെയാണ് മരണം അറിയിച്ചത്. വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.ജിദ്ദയില്‍ വെച്ച് ഒരു വ്യക്തിപരമായ തര്‍ക്കത്തിനിടെ വെടിയേറ്റു മരിച്ചു എന്ന് ചുരുങ്ങിയ വാക്കുകളിലായിരുന്നു ട്വീറ്റ്. മേജര്‍ ജനറല്‍ അബ്ദുള്‍അസീസിന്റെ ഒരു സുഹൃത്താണ് വെടി വെച്ചതെന്ന് സൗദ് പ്രസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു സൗദി പൗരനും ഒരു ഫിലിപ്പിന്‍ പൗരനും പരിക്കേറ്റതായും ഈ റിപ്പോര്‍ട്ട് പറഞ്ഞു. വെടി വെച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യാക്രമണത്തില്‍ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കുണ്ട്.


സല്‍മാന്‍ രാജാവിനോട് മേജര്‍ ജനറല്‍ അബ്ദുള്‍അസീസ് പുലര്‍ത്തിയിരിന്ന വിധേയത്വം വ്യക്തമാക്കുന്ന ഫോട്ടോകളും ആദരാഞ്ജലിക്കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. രാജാക്കന്മാരുടെ സൂക്ഷിപ്പുകാരന്‍ എന്നാണ് മേജര്‍ ജനറല്‍ അബ്ദുള്‍അസീസിനെ ഒകാസ് പത്രം വിശേഷിപ്പിച്ചത്.

Read more about:
EDITORS PICK