സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്: ലവ് ജിഹാദ് നിക്ഷേദിച്ച് മലയാളി പെണ്‍കുട്ടി

Sruthi September 30, 2019

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബുദാബിയിലേക്ക് പോയതെന്നും ഇസ്ലാം മതം സ്വീകരിച്ചതെന്നും സിയാനി ബെന്നി. ലൗ ജിഹാദ് നടന്നുവെന്ന ആരോപണത്തെ നിഷേധിച്ചുകൊണ്ടാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പറഞ്ഞാണ് ആദ്യം പരാതി എത്തിയത്.

പിന്നീട് പെണ്‍കുട്ടി അബുദാബിയിലെത്തിയെന്നും മതം മാറിയെന്നുമുള്ള പ്രചരണമായിരുന്നു. എന്നാല്‍, സത്യാവസ്ഥ ഇതായിരുന്നു. അബുദാബിയില്‍ ജോലിക്കാരനായ മുസ്ലീം യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഈ യുവാവിനെ വിവാഹം കഴിക്കുവാനായാണ് താന്‍ യുഎഇയിലെത്തി മതം മാറിയതെന്നും സിയാനി പറഞ്ഞു. സംഭവം എന്താണെന്ന് വിശദമാക്കി രാഷ്ട്രപതി, പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, ന്യൂനപക്ഷ കമ്മീഷന്‍, കേരള മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് സിയാനി കത്തെഴുതി.

അബുദാബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മത വിശ്വാസിയായ പെണ്‍കുട്ടിയെ മതം മാറ്റിയതിന് പിന്നില്‍ ലവ് ജിഹാദാണ് എന്നായിരുന്നു ആരോപണം. ഡല്‍ഹി സര്‍വ്വകലാശാലയിലെ ജീസസ് ആന്റ് മേരി കോളേജിലെ വിദ്യാര്‍ഥിനിയാണ് സിയാനി. രണ്ടാഴ്ച മുന്‍പാണ് സിയാനി അബുദാബിയിലേക്ക് പോകുന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നതായും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച പെണ്‍കുട്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി അറിയിക്കുകയായിരുന്നു. ഒരു വ്യക്തിയുടെയോ മതത്തിന്റെയോ സമ്മര്‍ദ്ദത്തിലല്ല താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നും കഴിഞ്ഞ ഒന്‍പതുമാസമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിലെത്തിയതെന്നും സിയാനി പറഞ്ഞു. മതം മാറിയശേഷം ഐഷ എന്ന പേര് സ്വീകരിച്ചതായും സിയാനി പറഞ്ഞു.

പെണ്‍കുട്ടി അബുദാബിയിലേക്ക് പോയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യനടക്കം ഉന്നതര്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു.

പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇക്കാര്യം ഉദ്യോഗസ്ഥര്‍ സിയാനിയുടെ വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബുദാബിയിലെത്തിയ രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല അബൂദബിയില്‍ വന്നതെന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാര്‍ഥമാണ് എംബസിയെ സമീപിച്ചതെന്നും സിയാനി പറഞ്ഞു.

സെപ്തംബര്‍ പതിനെട്ടിനാണ് സിയാനി അവസാനമായി ക്ലാസില്‍ പോയത്. ഡല്‍ഹിയില്‍ നിന്നും ആരും അറിയാതെയാണ് അബുദാബിയില്‍ എത്തിയത്. മകളെ കാണാതില്ലാതായതോടെ മാതാപിതാക്കള്‍ കേസ് നല്‍കുകയായിരുന്നു. സെപ്തംബര്‍ 22നാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സിയാനിയെ പോലീസ് തിരിച്ചറിയുന്നത്. സിയാനിയുടെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ പ്രാര്‍ത്ഥനാ പുസ്തകങ്ങളും അറബിയില്‍ എഴുതിയിരുന്ന ചില പേപ്പറുകളും കണ്ടെടുത്തിരുന്നു.

Read more about:
RELATED POSTS
EDITORS PICK